സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു ബാംഗ്ലൂർ ഓപ്പണർ വിരാട് കോഹ്ലി നേടിയത്. മത്സരത്തിൽ 187 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിനായി കോഹ്ലി ആദ്യ ബോളുകൾ മുതൽ അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 63 പന്തുകളിൽ നിന്നാണ് വിരാട് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടിരുന്നു. വിരാടിന്റെ ഈ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ നാല് പന്തുകൾ ശേഷിക്കെ ബാംഗ്ലൂർ മത്സരത്തിൽ എട്ടു വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി. കഴിഞ്ഞ സമയങ്ങളിലൊക്കെയും മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കാതിരുന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾക്ക് വിധേയനായ ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ഈ സാഹചര്യത്തിൽ തന്റെ ക്രിക്കറ്റ് ശൈലിയെപ്പറ്റി സംസാരിക്കുകയാണ് വിരാട്.
തന്റെ ബാറ്റിംഗ് ശൈലി യാതൊരു തരത്തിലും മാറ്റാൻ താൻ തയ്യാറല്ല എന്നാണ് വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞത്. “ആക്രമിച്ചു കളിക്കാത്തതിനെ കുറിച്ച് ആളുകൾ എന്തുപറഞ്ഞാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല. പുറത്ത് ആളുകൾ പറയുന്നത് ഞാൻ കാര്യമാക്കാറുമില്ല. ഞാൻ അങ്ങനെ ഫാൻസി ഷോട്ടുകൾ കളിക്കുന്ന ക്രിക്കറ്ററല്ല. എനിക്ക് എന്റേതായ ടെക്നിക്കുണ്ട്. അത് വിട്ട് ഞാൻ കളിക്കാറില്ല.”- വിരാട് കോഹ്ലി പറഞ്ഞു.
“ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ടെസ്റ്റ് മത്സരങ്ങളാണ് വരാനുള്ളത്. അതിനാൽ തന്നെ ഞാൻ എന്റെ ടെക്നിക്കിൽ ഉറച്ചുനിൽക്കുക തന്നെ വേണം. മത്സരത്തിലേക്ക് വന്നാൽ, കളിയുടെ പ്രാധാന്യം പരിഗണിച്ചാൽ വളരെ നിർണായകമായ വിജയം തന്നെയായിരുന്നു ഇത്. അവസാന രണ്ടു മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. നെറ്റ്സിൽ നല്ല ഷോട്ടുകൾ കളിക്കുമ്പോഴും അത് മൈതാനത്തേക്ക് കൊണ്ടത്തിയ്ക്കാൻ എനിക്ക് സാധിച്ചില്ല. അതിനാൽ തന്നെ ഇത്തരത്തിൽ ഒരു മികച്ച ഇന്നിംഗ്സ് വളരെ ആവശ്യം തന്നെയായിരുന്നു.”- കോഹ്ലി കൂട്ടിച്ചേർത്തു.
മത്സരത്തിൽ കോഹ്ലിയ്ക്കോപ്പം ബാംഗ്ലൂർ നായകൻ ഡുപ്ലസിയും നിറഞ്ഞാടിയിരുന്നു. മത്സരത്തിൽ 47 പന്തുകളിൽ 71 ആണ് ഡുപ്ലസി നേടിയത്. ഈ വിജയത്തോടെ ബാംഗ്ലൂർ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കുകയുണ്ടായി. നിലവിൽ 13 മത്സരങ്ങളിൽ 7 വിജയങ്ങളുമായി നാലാം സ്ഥാനത്താണ് ബാംഗ്ലൂർ നിൽക്കുന്നത്. ബാംഗ്ലൂരിന്റെ അടുത്ത മത്സരം ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്. ആ മത്സരത്തിൽ കൂടി വിജയം നേടിയാൽ ബാംഗ്ലൂരിന് അനായാസം പ്ലേയോഫിലെത്താൻ സാധിക്കും. മറ്റു മത്സരങ്ങൾ ഒന്നും തന്നെ ബാംഗ്ലൂരിനെ ബാധിക്കുകയുമില്ല.