ജയ്‌സ്വാൾ ഇന്ത്യയുടെ അടുത്ത ‘സേവാഗ്’ ആവുമോ? ഉത്തരം നൽകി പ്രഗ്യാൻ ഓജ..

GFYzhRvagAAg3JQ

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ജയ്‌സ്വാൾ കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു തട്ടുപൊളിപ്പൻ ഡബിൾ സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. 277 പന്തുകളിൽ നിന്നായിരുന്നു ജയസ്വാൾ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തീകരിച്ചത്.

ഇന്നിംഗ്സിൽ ഒരു സിക്സറും ഒരു ബൗണ്ടറിയും നേടിയാണ് ജയ്‌സ്വാൾ ഇരട്ട സെഞ്ചുറിയിൽ എത്തിയത്. മാത്രമല്ല പൂർണമായും ആക്രമണം അഴിച്ചുവിടാൻ മത്സരത്തിൽ ജയ്‌സ്വാളിന് സാധിച്ചിരുന്നു. 290 പന്തുകൾ നേരിട്ട ജയ്‌സ്വാൾ ഇന്നീങ്‌സിൽ 209 റൺസ് നേടി. 19 ബൗണ്ടറികളും 7 സിക്സറുകളുമാണ് ഈ യുവതാരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

ഈ ഇന്നിംഗ്സിന് ശേഷം ജയ്‌സ്വാളിനെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗുമായി താരതമ്യം ചെയ്ത് ഒരുപാട് പേർ സംസാരിക്കുകയുണ്ടായി. ഇക്കാര്യത്തിൽ തന്റെ പ്രസ്താവന അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ.

ഇത് ജയ്‌സ്വാളിന്റെ കരിയറിന്റെ തുടക്കമാണെന്നും, ഇപ്പോൾ തന്നെ അവനെ സേവാഗുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലന്നുമാണ് ഓജ പറയുന്നത്. അതിനാൽ ജയ്‌സ്വാളിന്റെ ആരാധകർ അല്പം ക്ഷമ കാട്ടേണ്ടതുണ്ട് എന്ന് ഓജ കൂട്ടിച്ചേർത്തു.

“അവൻ ഭയപ്പാടില്ലാത്ത തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും സേവാഗിനെ പറ്റി പറയുമ്പോൾ ചിന്തിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. കേവലം ഒന്നോ രണ്ടോ മൂന്നോ മത്സരങ്ങളിൽ മാത്രമല്ല സേവാഗ് ഈ മനോഭാവത്തിൽ കളിച്ചിട്ടുള്ളത്. തന്റെ കരിയറിലുടനീളം ഇത്തരത്തിൽ വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെക്കാൻ സേവാഗിന് സാധിച്ചിട്ടുണ്ട്.”- പ്രഗ്യാൻ ഓജ പറഞ്ഞു.

Read Also -  ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.

“അതുകൊണ്ടു തന്നെ ജയ്‌സ്വാളിനെ സംബന്ധിച്ച് ഇത് ഒരു തുടക്കം മാത്രമാണ്. മുന്നോട്ടു പോകുമ്പോൾ ഏതു തരത്തിൽ അവൻ കളിക്കുമെന്നത് നമ്മൾ കണ്ടുതന്നെ അറിയേണ്ടതുണ്ട്. ഇത്തരത്തിൽ തന്നെ അവൻ തുടരണം എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. “

“എന്നാൽ പ്രതീക്ഷകൾ ഒരുവശത്ത് വെച്ച് അവന് ഭയപ്പാടില്ലാത്ത തരത്തിൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാധിക്കുമോ എന്ന് വരും നാളുകളിലെ പ്രകടനമാണ് കാട്ടിതരേണ്ടത്. സേവാഗ് ഇത്തരം ആക്രമണം ഒരുപാട് വർഷം സ്ഥിരതയോടെ നടത്തിയ താരമാണ്. അതുകൊണ്ട് ഈ താരതമ്യം വളരെ നേരത്തെ ആയിപ്പോയതായി തോന്നുന്നു.”- ഓജ കൂട്ടിച്ചേർത്തു.

“ബോൾ ഏതു ഭാഗത്ത് പിച്ച് ചെയ്താലും തനിക്ക് അതിനെ നേരിടാൻ സാധിക്കും എന്ന ആത്മവിശ്വാസമുള്ള കളിക്കാരന് മാത്രമേ പുറത്തേക്കിറങ്ങി ആക്രമണം അഴിച്ചുവിടാൻ സാധിക്കൂ. ഇക്കാരണം കൊണ്ട് തന്നെയാണ് ജയസ്വാളും ഇത്തരത്തിൽ കളിക്കുന്നത്. അവൻ മത്സരത്തിൽ ഒരു സിക്സർ സ്വന്തമാക്കിയാണ് സെഞ്ച്വറി പൂർത്തീകരിച്ചത്. അത് അവന്റെ ആത്മവിശ്വാസം കാട്ടിത്തരുന്നു.”

“മത്സരത്തിൽ അവിശ്വസനീയമായ പ്രകടനം തന്നെയാണ് അവൻ കാഴ്ചവെച്ചത്. അതിൽ പ്രധാനപ്പെട്ട കാര്യം അവന് പക്വതയും വ്യക്തതയും ഒരേസമയം പുറത്തു കാണിക്കാൻ സാധിച്ചു എന്നതാണ്. അത് അത്ര അനായാസമായ കാര്യമല്ല. മറ്റു പലരും പരാജയപ്പെട്ടപ്പോൾ ഇന്നിങ്സ് മുൻപോട്ടു കൊണ്ടുപോകാൻ താരത്തിന് സാധിച്ചു. പല സമയത്തും തന്റെ സഹതാരങ്ങളെ നഷ്ടപ്പെട്ടപ്പോഴും ആക്രമണപരമായി തന്നെയാണ് ജയ്‌സ്വാൾ ക്രീസിൽ നിലനിന്നത്.”- ഓജ പറഞ്ഞു വയ്ക്കുന്നു.

Scroll to Top