ഇന്ത്യ ഇത്തവണ ലോകകപ്പ് നേടുമോ എന്ന് യുവരാജ്. മാസ് മറുപടിയുമായി സേവാഗ് രംഗത്ത്.

286731

അവസാനമായി ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടന്നത് 2011ലായിരുന്നു. അന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 28 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. ശേഷം 12 വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ലോകകപ്പ് ഇന്ത്യൻ മണ്ണിലേക്ക് എത്തിയില്ല. എന്നാൽ 2023 ഏകദിന ലോകകപ്പിൽ വലിയൊരു അവസരം തന്നെയാണ് രോഹിത് ശർമ നായകനായുള്ള ഇന്ത്യൻ ടീമിന് വന്നെത്തിയിരിക്കുന്നത്.

ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകൾ. എന്നാൽ 2011 ആവർത്തിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമോ എന്ന ചോദ്യം എല്ലായിടത്തും അലയടിക്കുകയാണ്. ഇതിനെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം അറിയിക്കുകയാണ് 2011ലെ ലോകകപ്പ് വിജയ ടീമിലെ താരങ്ങളായ യുവരാജ് സിംഗും വീരേന്ദർ സേവാഗും.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുവരാജ് സിംഗ് ഇതിനെ സംബന്ധിച്ചുള്ള ആദ്യ പ്രതികരണം നടത്തിയത്. “നമുക്ക് എല്ലാവർക്കും ആവശ്യം 2011 ലോകകപ്പ് 2023ലും ആവർത്തിക്കുക എന്നതാണ്. എന്നാൽ 2011ൽ ഒരുപാട് സമ്മർദ്ദങ്ങളെ അതിജീവിച്ചായിരുന്നു ഇന്ത്യൻ ടീം കിരീടം ഉയർത്തിയത്. 2023ൽ ഇത്തരത്തിൽ സമ്മർദ്ദങ്ങളെ ഇന്ത്യൻ ടീം നേരിടേണ്ടതുണ്ട്. അതിനുള്ള ബലം നിലവിലെ ഇന്ത്യൻ ടീമിനുണ്ടോ എന്നും അതിനുള്ള സമയം നമുക്ക് ലഭിക്കുമോ എന്നും പരിശോധിക്കണം.”- യുവരാജ് സിംഗ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി. 2011 ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി യുവരാജിനെ തിരഞ്ഞെടുത്തിരുന്നു.

Read Also -  ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.

യുവരാജിന്റെ ഈ പ്രസ്താവനയ്ക്ക് ഉടൻതന്നെ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ശുഭമാൻ ഗിൽ, ഹർദിക് പാണ്ഡ്യ, രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയവർ അണിനിരക്കുന്ന ഇന്ത്യൻ ടീമിന് സമ്മർദ്ദം എതിർ ടീമുകളിലേക്ക് എത്തിക്കാൻ സാധിക്കും എന്നാണ് സേവാഗ് പറയുന്നത്. “സമ്മർദ്ദത്തെ പറ്റി പറയുമ്പോൾ ഇന്ത്യൻ ടീം ഒരിക്കലും അത് ഏറ്റെടുക്കില്ല. എതിർ ടീമിലേക്ക് ആ സമ്മർദ്ദം അടിച്ചേൽപ്പിക്കാനാണ് നമ്മൾ ശ്രമിക്കാറുള്ളത്.”- വീരേന്ദർ സേവാഗ് പറഞ്ഞു.

ഇതിനൊപ്പം അവസാന മൂന്ന് ഏകദിന ലോകകപ്പ് സാഹചര്യങ്ങളെപ്പറ്റിയും സേവാഗ് വിലയിരുത്തുകയുണ്ടായി. “കഴിഞ്ഞ 12 വർഷങ്ങളിൽ, ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ച ടീം തന്നെയാണ് ജേതാക്കളായിട്ടുള്ളത്. 2011ൽ നമ്മൾ ഇന്ത്യയിൽ ലോകകപ്പ് ജയിച്ചു. ശേഷം 2015ൽ ഓസ്ട്രേലിയ ഓസ്ട്രേലിയൻ മണ്ണിൽ ലോകകപ്പ് ജേതാക്കളായി. പിന്നീട് 2019ൽ ഇംഗ്ലണ്ട് അവരുടെ നാട്ടിൽ ലോകകപ്പ് നേടി. ഇനി 2023ൽ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. തീർച്ചയായും സാധ്യതകളുണ്ട്.”- വീരേന്ദർ സേവാഗ് പറഞ്ഞു.

Scroll to Top