വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലന മത്സരം നടത്തി ഇന്ത്യ. രണ്ടു ടീമുകളായി പിരിഞ്ഞാണ് ഇന്ത്യ പരിശീലന മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ വിരാട് കോഹ്ലി ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി. ജയിസ്വാളും രോഹിത് ശർമയുമാണ് രണ്ടുദിവസം നീണ്ടുനിന്ന പരിശീലന മത്സരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത്. വെസ്റ്റിൻഡീസിനെതിരായ നിർണായകമായ ടെസ്റ്റു പരമ്പരക്ക് മുന്നോടിയായിയാണ് ഇന്ത്യ ഇത്തരം ഒരു പരിശീലന മത്സരം സംഘടിപ്പിച്ചത്. പല ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനം തന്നെയാണ് ഈ പരിശീലന മത്സരത്തിൽ കാഴ്ചവച്ചത്.
മത്സരത്തിൽ ജയദേവ് ഉനാദ്കട്ടായിരുന്നു വിരാട് കോഹ്ലിയെ പുറത്താക്കിയത്. കോഹ്ലിയ്ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു. നാലം സ്റ്റംപ് ലൈന്‍ ലെങ്തില്‍ വന്ന പന്തില്‍ എഡ്ജ് ചെയ്ത്, സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് വിരാട് കോഹ്ലി മടങ്ങിയത്.
എന്നാൽ രോഹിത് ശർമയും ജെയ്‌സ്വാളും മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയുണ്ടായി. ഇരുവരും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ പ്രകടനത്തോടെ ഇന്ത്യൻ ടീമിലെ ശുഭ്മാൻ ഗില്ലിന്റെ സ്ഥാനത്തെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരും എന്നത് ഉറപ്പായിട്ടുണ്ട്. മുൻപ് ഗില്ലായിരുന്നു രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ ജയിസ്വാൾ പരിശീലന മത്സരത്തിൽ രോഹിതിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തതോടെ ഗില്ലിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും.
മൈതാനത്ത് രോഹിത്തും ജയ്സ്വാളും വളരെ അനായാസമാണ് റൺസ് നേടിയത്. ഉനാദ്കട്ടിനെതിരെ സിക്സർ നേടിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ആരംഭിച്ചത്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് സ്കാഡിൽ ചെതേശ്വർ പൂജാര ഉൾപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ജയിസ്വാളോ ഗില്ലോ മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. എന്നിരുന്നാലും ജയിസ്വാളിന്റെ പ്രകടനം വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത് ആദ്യ ടെസ്റ്റിൽ അയാൾ ഓപ്പണിങ് പൊസിഷനിൽ തന്നെ ബാറ്റ് ചെയ്യും എന്നതാണ്. പരിശീല മത്സരത്തിൽ ഉച്ചഭക്ഷണത്തിനുശേഷം ശുഭ്മാൻ ഗില്ലും തകർപ്പൻ ഷോട്ടുകൾ കളിക്കുകയുണ്ടായി.
രണ്ടുദിവസം നീണ്ടുനിന്ന പരിശീലന മത്സരത്തിനുശേഷം ഇന്ത്യ ഡോമിനിക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ജൂലൈ 12 മുതൽ 16 വരെയാണ് ഡൊമിനിക്കയിൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതൽ 24 വരെ ട്രിനിഡാഡിൽ നടക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളും മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര കളിക്കും. ജൂലൈ 27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റ് 3 മുതൽ 5 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്നുണ്ട്.