ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരായ മത്സരത്തിൽ ശക്തമായ ഒരു പ്രകടനം കാഴ്ചവെച്ച് തിരിച്ചുവരവ് നടത്താൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 166 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടിന്റെ ബലത്തിൽ ചെന്നൈ വിജയം കാണുകയായിരുന്നു.
11 പന്തുകളിൽ 26 റൺസ് നേടിയ ധോണി അവസാന ഓവറുകളിൽ മികവ് പുലർത്തിയപ്പോൾ ചെന്നൈ 5 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കി. കഴിഞ്ഞ 5 മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷമായിരുന്നു ചെന്നൈയുടെ ഈ വിജയം. വിജയത്തെപ്പറ്റി നായകൻ ധോണി സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ ധോണി തന്നെയായിരുന്നു താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ താൻ അങ്ങനെ ‘മത്സരത്തിലെ താരം’ എന്ന പുരസ്കാരം അർഹിക്കുന്നില്ല എന്ന് ധോണി പ്രസന്റേഷൻ സമയത്ത് പറയുകയുണ്ടായി. “കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾക്ക് പവർപ്ലെ ഓവറുകളിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിലും മികച്ച തുടക്കമായിരുന്നില്ല ഞങ്ങൾക്ക് ലഭിച്ചത്. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായിരുന്നു. തെറ്റായ സമയത്ത് വിക്കറ്റുകൾ നഷ്ടമാവുന്നത് ഞങ്ങളെ ബാധിച്ചിരുന്നു. ഇതിനുള്ള പ്രധാന കാരണം ചെന്നൈ വിക്കറ്റിലെ ഉള്ള പ്രകൃതം തന്നെയാണ്. വിക്കറ്റ് വളരെ സ്ലോയാണ്.”- ധോണി പറഞ്ഞു.
“ഹോം മൈതാനത്ത് നിന്നും മാറി മറ്റു മൈതാനങ്ങളിൽ കളിക്കുമ്പോൾ ഞങ്ങൾ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടു തന്നെ ബാറ്റിംഗിനെ അല്പം കൂടി അനുകൂലിക്കുന്ന വിക്കറ്റുകളിലാണ് ഞങ്ങൾ കളിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. അത് ബാറ്റർമാർക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ ഷോട്ടുകൾ കളിക്കാൻ സഹായകരമാവും. ഒരിക്കലും പ്രതിരോധാത്മക രീതിയിലല്ല ബാറ്റിംഗിനെ കാണേണ്ടത്. അതേ സമയം ബോളിംഗ് യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾക്ക് മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്. ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഞങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.”- ധോണി കൂട്ടിച്ചേർത്തു.
“എല്ലാ താരങ്ങൾക്കും കൃത്യമായി റോളുകളും ഉത്തരവാദിത്വവും നൽകിയിട്ടുണ്ട്. അത് അവർ മുൻപോട്ടു കൊണ്ടുപോകാൻ ശ്രമിക്കണം. ഷെയ്ക്ക് റഷീദ് ഈ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. കുറച്ചു വർഷങ്ങളായി അവൻ ഞങ്ങളോടൊപ്പം ഉണ്ട്. ഇപ്പോഴാണ് അവന് അവസരം ലഭിച്ചത്. ഇത്തവണ നെറ്റ്സിലും അവൻ നന്നായി തന്നെ ബാറ്റ് ചെയ്തിരുന്നു. പക്ഷേ ഇതൊരു തുടക്കം മാത്രമാണ്. എതിർ ടീമിന് മേൽ കൃത്യമായി ആധിപത്യം സാധിച്ചു ഷോട്ടുകൾ കളിക്കാൻ അവന് സാധിക്കും. ഇന്നെനിക്ക് അവാർഡ് ലഭിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ‘എന്തിനാണ് അവർ എനിക്ക് പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് തരുന്നത്’ എന്ന് ഞാൻ ചിന്തിച്ചു. കാരണം നൂർ അഹമ്മദിനെ പോലെയുള്ളവർ മത്സരത്തിൽ മികച്ച രീതിയിൽ പന്ത് എറിഞ്ഞിരുന്നു.”- ധോണി പറഞ്ഞുവെക്കുന്നു.