“കോഹ്ലി നിരന്തരം ഫ്ലോപ്പാകുന്നതിന്റെ കാരണം അതാണ്”. സഞ്ജയ്‌ മഞ്ജരേക്കർ പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലി, രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഫ്ലോപ്പായി മാറുന്നതാണ് കാണാൻ സാധിച്ചത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി കോഹ്ലി തന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് അറിയിച്ചിരുന്നു.

എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേവലം 7 റൺസ് മാത്രമാണ് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യക്കായി നാലാമനായി എത്തിയ കോഹ്ലി 8 പന്തുകൾ നേരിട്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇതിന് ശേഷം കോഹ്ലിയുടെ ബാറ്റിംഗ് തന്ത്രങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോർഡുകളാണ് കോഹ്ലിയ്ക്ക് നിലവിലുള്ളത്. വിരാട് കോഹ്ലി എന്തുകൊണ്ടാണ് ഇപ്പോൾ ഫോം ഔട്ട് ആകുന്നത് എന്ന് തുറന്നു പറഞ്ഞാണ് സഞ്ജയ് മഞ്ജരേക്കർ രംഗത്ത് എത്തിയിരിക്കുന്നത്. കോഹ്ലിയുടെ ബാറ്റിംഗിലെ ചില സാങ്കേതിക തകരാറുകൾ എടുത്തുകാട്ടിയാണ് മഞ്ജരേക്കർ സംസാരിച്ചത്. കഴിഞ്ഞ കാലങ്ങളിൽ വിരാട് കോഹ്ലിയുടെ ടെസ്റ്റ് ശരാശരിയിൽ വന്ന കുറവുകളെ ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കർ സംസാരിക്കുന്നത്.

“വിരാട് കോഹ്ലിയുടെ ശരാശരിയിൽ വലിയ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ടെസ്റ്റിൽ 48ലേക്ക് കോഹ്ലിയുടെ ശരാശരി കുറഞ്ഞിരിക്കുകയാണ്. ഔട്ട്സൈഡ് ഓഫിലേക്ക് ഷോട്ടുകൾ കളിക്കുന്നതിൽ വരുന്ന പരാജയമാണ് ഇത്തരത്തിൽ കോഹ്ലിയുടെ ശരാശരി കുറയാനുള്ള പ്രധാന കാരണം. അത് ഇപ്പോൾ കോഹ്ലിയുടെ ബലഹീനതയായി മാറിയിട്ടുണ്ട്. എന്നാൽ അപകടകരമായ ഈ ഷോട്ട് ഒഴിവാക്കി മറ്റൊരു ഷോട്ട് കളിക്കാനോ വേറെ ടെക്നിക്കിലൂടെ റൺസ് കണ്ടെത്താനോ വിരാട് കോഹ്ലിയെ തന്റെ അഹങ്കാരം സമ്മതിക്കുന്നില്ല.”- സഞ്ജയ് മഞ്ജരേക്കർ പറയുകയുണ്ടായി.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കോഹ്ലി മാത്രമല്ല, മറ്റു പല ഇന്ത്യൻ താരങ്ങളും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജയസ്‌വാൾ ഈ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്താവുന്നതാണ് കണ്ടത്. ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയ നായകൻ രോഹിത് ശർമയ്ക്കും മത്സരത്തിൽ 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് നിതീഷ് റെഡ്ഡിയും കെഎൽ രാഹുലുമാണ്. നിതീഷ് 42 റൺസ് നേടിയപ്പോൾ രാഹുൽ 38 റൺസാണ് നേടിയത്. 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടാൻ സാധിച്ചത്.

Previous articleഇപ്പോൾ ബോളിന് സ്പീഡുണ്ടോ. ജയസ്വാളിന്റെ സ്ലെഡ്ജിന് സ്റ്റാർക്കിന്റെ മറുപടി.