ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് പുതിയ നായകൻ സൂര്യകുമാർ യാദവിന്റെ തട്ടുപൊളിപ്പൻ ക്യാപ്റ്റൻസി മികവ് തന്നെയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസായിരുന്നു.
മുഹമ്മദ് സിറാജിന് ഓരോവർ അവശേഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൂര്യകുമാർ സിറാജിനോ ശിവം ദുബെയ്ക്കൊ ബോൾ നൽകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സ്വയം ബോൾ ചെയ്യാൻ സൂര്യകുമാർ യാദവ് തീരുമാനിക്കുകയായിരുന്നു. ഇത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഒപ്പം 19ആം ഓവർ റിങ്കൂ സിംഗിന് നൽകാനുള്ള സൂര്യകുമാറിന്റെ തീരുമാനവും ഫലം കണ്ടിരുന്നു. അതിനാൽ തന്നെ ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സൂര്യകുമാർ യാദവാണ് എന്ന് നിസംശയം പറയാൻ സാധിക്കും. മത്സരത്തിന്റെ പത്തൊമ്പതാം ഓവർ റിങ്കൂ സിങ്ങിന് നൽകിയതിന് പിന്നിലെ കാരണം ഇപ്പോൾ വിശദീകരിക്കുകയാണ് സൂര്യകുമാർ.
സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ റിങ്കു തന്നെയായിരുന്നു 19 ആം ഓവറിൽ ഇന്ത്യയ്ക്ക് ഉത്തമനായ ബോളർ എന്ന് സൂര്യകുമാർ യാദവ് പറയുകയുണ്ടായി. വലംകൈ ഓഫ് സ്പിന്നറായ റിങ്കു സിംഗ് ശ്രീലങ്കയെ ഞെട്ടിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നുവെന്ന് സൂര്യകുമാർ പറയുന്നു. പരമ്പരയ്ക്കിടെ കൃത്യമായി പരിശീലന സെഷനുകളിൽ റിങ്കൂ സിംഗ് ബോൾ ചെയ്തിരുന്നുവെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു. ഇതൊക്കെയുമാണ് പത്തൊമ്പതാം ഓവർ റിങ്കുവിന് നൽകാനുള്ള തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് സൂര്യകുമാർ വിലയിരുത്തുന്നു. നായകൻ എന്ന നിലയിൽ തന്നെ ആദ്യ പരമ്പരയിൽ പൂർണവിജയം സ്വന്തമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സൂര്യകുമാർ സംസാരിച്ചത്.
“ഇരുപതാം ഓവറിലെ തീരുമാനം വളരെ അനായാസമായിരുന്നു. പക്ഷേ ഏറ്റവും പ്രയാസകരമായിരുന്നത് 19ആം ഓവർ ആരെറിയും എന്നതായിരുന്നു. സിറാജിനും മറ്റു ബോളർമാർക്കും ഓവറുകൾ അവശേഷിച്ചിരുന്നു. പക്ഷേ ഈ വിക്കറ്റിൽ ആ സമയത്ത് ഏറ്റവും മികച്ചത് റിങ്കു സിംഗാണ് എന്ന് ഞാൻ മനസ്സിലാക്കി. എന്തെന്നാൽ അവൻ പന്ത് എറിയുന്നത് ഞാൻ മുൻപ് കണ്ടിട്ടുണ്ട്. നെറ്റ്സിൽ അവൻ നന്നായി പന്തറിഞ്ഞ് പരിശീലനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് റിങ്കുവാണ് ഏറ്റവും മികച്ചത് എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് റിങ്കുവിന് പന്ത് നൽകിയത്.”- സൂര്യകുമാർ യാദവ് പറയുന്നു.
“19ആം ഓവർ വളരെ കഠിനമാണ് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് റിങ്കുവിന് ഞാൻ ആ ഉത്തരവാദിത്വം നൽകിയത്. ഒരു ഇടംകയ്യൻ ബാറ്റർ ക്രീസിൽ നിൽക്കുമ്പോൾ വലംകയ്യൻ ബോളർ പന്തെറിഞ്ഞാൽ അത് ബാറ്റിംഗിന് വളരെ ദുഷ്കരമായി മാറും. മത്സരത്തിൽ തന്റെ കഴിവുകളെ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ റിങ്കുവിന് സാധിച്ചു. അത് എന്റെ ജോലി വളരെ അനായാസമാക്കി മാറ്റുകയും ചെയ്തു. ഇനി എനിക്ക് മുൻപിലേക്ക് പോകുമ്പോൾ മറ്റൊരു ബോളിംഗ് ഓപ്ഷൻ കൂടിയുണ്ട് എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.