2023 ഐപിഎല്ലിൽ ബാറ്റിംഗിൽ ആവേശമായ ക്രിക്കറ്ററാണ് ശുഭ്മാൻ ഗിൽ. ഒരു യുവതാരമായി ലീഗിലേക്കെത്തി എല്ലാവരെയും ഞെട്ടിച്ച ബാറ്റിംഗായിരുന്നു ഐപിഎല്ലിന്റെ പതിനാറാം സീസണിൽ ഗിൽ കാഴ്ചവച്ചത്. രണ്ട് തുടർച്ചയായ സെഞ്ച്വറികൾ ഉൾപ്പെടെ 3 സെഞ്ചുറികളാണ് ഗിൽ ഈ സീസണിൽ നേടിയത്. മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാമത്തെ ക്വാളിഫയറിൽ 60 പന്തുകൾ നേരിട്ട ഗിൽ 129 റൺസായിരുന്നു നേടിയത്. ഇതിനുശേഷം ഐപിഎല്ലിന്റെ ഒരു സീസണിൽ 800 റൺസ് കടക്കുന്ന നാലാമത്തെ ക്രിക്കറ്ററായും ഗില്‍ മാറുകയുണ്ടായി. ഇതിനുശേഷം ഗില്ലിനെ ഒരുപാട് ഇതിഹാസ താരങ്ങളുമായി താരതമ്യം ചെയ്ത് ആരാധകർ രംഗത്തെത്തി. സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്ലിയുടെയും റെക്കോർഡുകൾ മറികടക്കാൻ പ്രാപ്തിയുള്ള ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ എന്നായിരുന്നു ആരാധകർ പറഞ്ഞത്. ഒപ്പം പലരും ഗില്ലിനെ ഒരു ഇതിഹാസതാരമായി തന്നെ ഇപ്പോഴും വാഴ്ത്തുന്നുമുണ്ട്. എന്നാൽ അതിനുള്ള സമയം അതിക്രമിച്ചിട്ടില്ല എന്നാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് ഇപ്പോൾ പറയുന്നത്.
പല താരങ്ങളും തുടക്കത്തിൽ ഇത്തരം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാറുണ്ടെന്നും അത് തുടരുന്നതിലാണ് പ്രസക്തിയെന്നും കപിൽ ദേവ് പറയുന്നു. “ഗവാസ്കർ വന്നു, പിന്നാലെ സച്ചിനും എത്തി. പിന്നീട് വിവിഎസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, സേവാഗ്, വിരാട് കോഹ്ലി എന്നിവരൊക്കെയുമെത്തി. ഇതേപോലെയുള്ള പ്രകടനം തന്നെയാണ് ഗില്ലും കാഴ്ചവയ്ക്കുന്നത് ഈ കളിക്കാരുടെ പാത തന്നെയാണ് പിന്തുടരുന്നത്. എന്നാൽ ഗില്ലിനെ മികച്ച ഒരു ക്രിക്കറ്റർ എന്ന് വിളിക്കാൻ ഇനിയും ഒരു സീസൺ കൂടി നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. ശുഭമാൻ ഗില്ലിന് വലിയ പ്രതിഭയുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ അയാളെ മറ്റ് ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യാൻ സമയമായിട്ടില്ല.”- കപിൽ ദേവ് പറയുന്നു.
“ഗില്ലിനെ അടുത്ത സച്ചിനെന്നോ കോഹ്ലിയെന്നോ വിളിക്കണമെങ്കിൽ കുറഞ്ഞത് ഒരു സീസൺ കൂടെയെങ്കിലും കഴിയേണ്ടതുണ്ട്. സാധാരണയായി 1-2 വർഷങ്ങൾക്കുള്ളിലാണ് ബോളർമാർ ഓരോ ബാറ്ററുടെയും ശക്തിയും ദൗർബല്യവും മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ 3-4 ഐപിഎൽ സീസണുകൾക്ക് ശേഷം മാത്രമേ ഒരു ബാറ്ററെ നമുക്ക് സൂപ്പർതാരമായി കാണാൻ സാധിക്കുകയുള്ളൂ. അതിനായി നമ്മൾ ക്ഷമ കാട്ടേണ്ടതുണ്ട്.”- കപിൽ ദേവ് പറയുന്നു.
“ഗില്ലിന് ഇപ്പോഴുള്ള കഴിവ് എത്രമാത്രം ഇനിയും തുടരാൻ സാധിക്കുമെന്ന് നമുക്ക് പരിശോധിക്കേണ്ടതുണ്ട്. എല്ലാ താരങ്ങളും വലിയ റൺസ് നേടി മുന്നേറുന്ന സമയത്ത് ഒരു താഴോട്ടു പോക്ക് ഉണ്ടാകാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഗില് എങ്ങനെ തിരിച്ചുവരും എന്നതാണ് നമുക്ക് അറിയേണ്ടത്. ഉദാഹരണത്തിന് സൂര്യകുമാർ യാദവിനെ നോക്കാം. വലിയ രീതിയിൽ റൺസ് കണ്ടെത്തിയിരുന്ന സൂര്യ ഓസ്ട്രേലിയക്കെതിരെ മൂന്നു മത്സരങ്ങളിൽ ഡക്കായി പുറത്താവുകയുണ്ടായി. എന്നാൽ ശക്തമായ രീതിയിൽ അയാൾ ഇപ്പോൾ തിരിച്ചുവരവ് നടത്തി. ഇത്തരത്തിൽ തിരിച്ചു വരാൻ സാധിച്ചെങ്കിൽ മാത്രമേ ഒരു സൂപ്പർതാരമായി ഗില്ലും മാറുകയുള്ളൂ.”- കപിൽ ദേവ് കൂട്ടിച്ചേർത്തു.