വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിക്ക് അരങ്ങേറ്റ മത്സരം കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. പ്രതിഭ ധാരാളിത്തം കാരണം പല താരങ്ങള്‍ക്കും പ്ലേയിങ്ങ് ഇലവനിലേക്ക് എത്താന്‍ സാധിക്കുന്നില്ലാ. അങ്ങനെയുള്ള ഒരു താരമാണ് കൊല്‍ക്കത്താ ഐപിഎല്‍ ടീമിന്‍റെ നായകന്‍ കൂടിയായ ശ്രേയസ്സ് അയ്യര്‍. എന്തുകൊണ്ട് മധ്യനിര താരം പ്ലേയിങ്ങ് ഇലവനില്‍ എത്താത്തത് എന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.
” ശ്രേയസ്സ് അയ്യരെപ്പോലെയുള്ള താരങ്ങള്‍ പുറത്തിരിക്കുകയാണ്. പ്ലേയിങ്ങ് ഇലവനില്‍ എത്താന്‍ വളരെയേറ ബുദ്ധിമുട്ടാണ്. മധ്യനിരയില്‍ പന്തെറിയാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ക്ക് വേണം. അതുകൊണ്ടാണ് അയ്യരെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് ” രോഹിത് ശര്‍മ്മ വിശിദീകരണം നല്‍കി. താരങ്ങള്‍ക്കിടയില്‍ മത്സരങ്ങള്‍ നടക്കുന്നതും നല്ലതാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
ശ്രേയസ്സിനോട് ഇക്കാര്യം അറിയിച്ചട്ടുണ്ട്. ലോകകപ്പില്‍ പന്തെറിയാന്‍ ഒരാള്‍ ആവശ്യമാണ്. പ്രൊഫഷണല്‍ താരങ്ങള്‍ ആയതുകൊണ്ട് ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. എന്താണോ ടീമിനു ആവശ്യം അത് നടപ്പിലാക്കാന്‍ അവര്‍ തയ്യാറാണെന്നും രോഹിത് ശര്‍മ്മ അറിയിച്ചു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ആറാം ബോളിംഗ് ഒപ്ഷന്‍ ഇല്ലാത്തത് ഇന്ത്യയെ ബാധിച്ചിരുന്നു. അതിനാല്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍കണ്ട് വന്‍ മാറ്റങ്ങളാണ് ഇന്ത്യ പരീക്ഷണം നടത്തുന്നത്. ഇന്ത്യക്കായി 28 ടി20 മത്സരങ്ങളില്‍ നിന്നായി 132 സ്ട്രൈക്ക് റേറ്റില്‍ 580 റണ്ണാണ് അയ്യര്‍ നേടിയട്ടുള്ളത്.