സഞ്ജുവിനെയും സൂര്യകുമാറിനെയും ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം. മുൻ ഇന്ത്യൻ താരം പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുമുള്ള ഇന്ത്യയുടെ സ്ക്വാഡിനെ മുൻ താരം ആകാശ് ചോപ്ര തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഈ സ്ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസനെയും സൂര്യകുമാർ യാദവിനെയും ചോപ്ര ഒഴിവാക്കുകയാണ് ചെയ്തത്. ഫെബ്രുവരി 6ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കുള്ള സ്ക്വാഡിനെയാണ് ആദ്യം ചോപ്ര തെരഞ്ഞെടുത്തത്. എന്നാൽ എന്തുകൊണ്ടാണ് ഈ സ്ക്വാഡുകളിൽ നിന്ന് സൂര്യകുമാർ യാദവിനെയും സഞ്ജു സാംസനെയും താൻ ഒഴിവാക്കിയത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചോപ്ര ഇപ്പോൾ.

താൻ ഈ സ്ക്വാഡുകൾ തിരഞ്ഞെടുത്തത് 2023 ഏകദിന ലോകകപ്പ് കൂടി മനസ്സിൽ വച്ചുകൊണ്ടാണ് എന്ന് ചോപ്ര പറയുകയുണ്ടായി. മാത്രമല്ല തന്റെ സ്ക്വാഡിൽ രോഹിത് ശർമ ഓപ്പണറായും നായകനായും തന്നെ തുടരുമെന്നും ചോപ്ര പറഞ്ഞു. എന്തുകൊണ്ടാണ് സഞ്ജുവിനെയും സൂര്യകുമാറിനെയും താൻ ഒഴിവാക്കുന്നത് എന്നും ചോപ്ര കൂട്ടിചേർത്തു.

“സൂര്യകുമാർ യാദവ് ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാകും എന്ന് ഞാൻ കരുതുന്നില്ല. അവനിപ്പോൾ ഏകദിന മത്സരങ്ങളിൽ കളിക്കുന്നില്ല. മാത്രമല്ല വിജയ് ഹസാരേ ട്രോഫിയിൽ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാനും അവന് സാധിച്ചിരുന്നില്ല. സഞ്ജു സാംസനും ഇത്തരത്തിൽ കളിക്കുന്നുണ്ടായിരുന്നില്ല. ഒരാൾ ഏകദിനങ്ങളിൽ കളിക്കാതിരിക്കുകയും മറ്റയാൾ ഏകദിനങ്ങളിൽ റൺസ് സ്വന്തമാക്കാതിരിക്കുകയുമാണ് ചെയ്തത്. അതുകൊണ്ടു തന്നെ അവർ ഇനിയും അടുത്ത പരമ്പരകളിൽ അണിനിരക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.”- ചോപ്ര പറയുന്നു.

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള തന്റെ സ്ക്വാഡിലെ മധ്യനിര ബാറ്ററായി ശ്രേയസ് അയ്യരെ ചോപ്ര തെരഞ്ഞെടുത്തിരുന്നു. ഏകദിന ലോകകപ്പിന് ശേഷം നടത്തിയ മികച്ച പ്രകടനമാണ് അയ്യരെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ കാരണമെന്നും ചോപ്ര വ്യക്തമാക്കി. “2023 ലോകകപ്പിന് ശേഷം 15 ഇന്നിങ്സുകളാണ് ശ്രേയസ് അയ്യർ ഏകദിനങ്ങളിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 620 റൺസ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. 2 സെഞ്ച്വറികളാണ് അയ്യർ നേടിയത്. 52 എന്ന വലിയ ശരാശരിയിലാണ് അയ്യർ റൺസ് കണ്ടെത്തിയത്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

കെഎൽ രാഹുലിനെയും റിഷഭ് പന്തിനെയും ആയിരുന്നു ചോപ്ര തന്റെ ഏകദിന ടീമിലേക്കുള്ള വിക്കറ്റ് കീപ്പർമാരായി നിയമിച്ചിരുന്നത്. “രാഹുലും 2023 ഏകദിന ലോകകപ്പിന് ശേഷം നന്നായി കളിച്ചിട്ടുണ്ട്. 14 ഇന്നിങ്സുകളിൽ 56 റൺസ് ശരാശരിയിൽ 560 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും മൂന്ന് അർത്ഥ സെഞ്ച്വറികളുമാണ് രാഹുൽ നേടിയത്. അതുകൊണ്ടു തന്നെ അവൻ ടീമിനൊപ്പം അണിനിരക്കും എന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിൽ പന്ത് കളിച്ചിരുന്നില്ല. അവന്റെ റെക്കോർഡുകളും വ്യത്യസ്തമാണ്. 33.5 എന്ന ശരാശരിയിൽ 106 സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ അവന് സാധിച്ചിട്ടുണ്ട് വലിയ റെക്കോർഡുകൾ ഇല്ലെങ്കിലും ഇഷാൻ കിഷന് പകരക്കാരനായി ഇന്ത്യൻ ടീമിൽ എത്താൻ അവന് സാധിക്കും.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.

Previous articleഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ ‘ഈഗോയിസ്റ്റ്’ അവനാണ്. മുൻ ഓസീസ് വിക്കറ്റ് കീപ്പർ പറയുന്നു.