അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 212 എന്ന സ്കോറിലെത്തുകയും, അഫ്ഗാനിസ്ഥാൻ ആ സ്കോറിൽ തന്നെ ഇന്നിംഗ്സ് ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയും, സൂപ്പർ ഓവർ സമനിലയിൽ എത്തുകയുമുണ്ടായി.
പിന്നീട് രണ്ടാം സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കാളിയായത് സ്പിന്നർ രവി ബിഷണോയി ആയിരുന്നു. രണ്ടാം സൂപ്പർ ഓവറിൽ 12 റൺസ് ആയിരുന്നു അഫ്ഗാനിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കേവലം 3 പന്തുകളിൽ അഫ്ഗാനിസ്ഥാന്റെ രണ്ട് വിക്കറ്റുകൾ തെറിപ്പിച്ച് ബിഷണോയി ഇന്ത്യയുടെ വിജയ ശിൽപിയായി മാറി.
മത്സരത്തിന്റെ രണ്ടാം സൂപ്പർ ഓവറിലെ ഇന്ത്യയുടെ പ്ലാനുകൾ വിശദീകരിച്ച് ബിഷണോയി സംസാരിക്കുകയുണ്ടായി. രണ്ടാം സൂപ്പർ ഓവർ എറിയുന്ന സമയത്ത് തനിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്ന് ബിഷണോയി പറഞ്ഞു.
“ആ സമയത്ത് എന്റെ ഹൃദയം വളരെ വേഗതയിൽ തന്നെ ഇടിക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങൾ രണ്ടാം സൂപ്പർ ഓവറും ആസ്വദിക്കുകയുണ്ടായി. രണ്ടാം സൂപ്പർ ഓവർ എറിയുന്നതിനായി എന്നോടും ആവേഷ് ഖാനോടും റെഡിയാവാൻ പറഞ്ഞിരുന്നു. എന്നാൽ 2 വലംകൈ ബാറ്റർമാർ ക്രീസിലെത്തിയതോടെ എനിക്ക് ബോൾ നൽകുകയായിരുന്നു.”- ബിഷണോയി പറയുന്നു.
“രണ്ടാം സൂപ്പർ ഓവറിൽ പൂർണ്ണമായും ബാക്ക് ഓഫ് ലെങ്ത് ബോളുകൾ എറിയാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ക്രീസിന് അല്പം പുറകിൽ നിന്ന് എറിയുക എന്ന തന്ത്രവും ഞങ്ങൾ നിശ്ചയിച്ചിരുന്നു. എന്തായാലും സൂപ്പർ ഓവറിൽ റൺസ് പ്രതിരോധിക്കാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത് ഒരുപാട് ആത്മവിശ്വാസവും നൽകുന്നു. ഞാനിപ്പോൾ മികച്ച താളത്തിലാണ്. വരും മത്സരങ്ങളിലും കൂടുതൽ മികച്ച രീതിയിൽ പന്തറിയാൻ ശ്രമിക്കും.”- ബിഷണോയി കൂട്ടിച്ചേർത്തു.
മത്സരത്തിൽ അവസാന സൂപ്പർ ഓവറിൽ 12 റൺസായിരുന്നു അഫ്ഗാനിസ്ഥാന് വിജയിക്കാൻ വേണ്ടത്. ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ നബിയെ കൂടാരം കയറ്റാൻ ബിഷണോയിയ്ക്ക് സാധിച്ചു. ബിഷണോയെ സിക്സർ പായിക്കാൻ ശ്രമിച്ച നബിയെ റിങ്കു സിംഗ് ലോങ് ഓഫീൽ ക്യാച്ച് എടുത്തു പുറത്താക്കുകയായിരുന്നു.
പിന്നീട് മൂന്നാം പന്തിൽ ഗുർബാസിനെയും പുറത്താക്കിയാണ് ബിഷണോയി ഇന്ത്യയുടെ ഹീറോയായത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് മത്സരത്തിൽ നേടിയിരിക്കുന്നത്.