ഇത്തവണത്തെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യം സഞ്ജു സാംസണിന്റെ അഭാവമാണ്. സമീപകാലത്ത് ഇന്ത്യക്കായി ഏകദിനങ്ങളിലും ട്വന്റി20 ക്രിക്കറ്റിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിന് പകരം റിഷഭ് പന്തിനെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത്.
ഓസ്ട്രേലിയൻ മണ്ണിൽ പരാജയപ്പെട്ടിട്ടും, ഏകദിനങ്ങളിൽ വേണ്ട രീതിയിൽ റെക്കോർഡുകൾ സൃഷ്ടിക്കാൻ സാധിക്കാതെ വന്നിട്ടും പന്തിനെ തന്നെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്തുകൊണ്ടാണ് സഞ്ജുവിന് പകരം പന്തിനെ ഇന്ത്യ ഇത്തവണയും സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് ഇപ്പോൾ.
ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് എത്താൻ സഞ്ജുവും പന്തും നേരിട്ട് പോരാടുകയായിരുന്നു എന്നാണ് ദിനേശ് കാർത്തിക് കരുതുന്നത്. സഞ്ജുവും പന്തും ഒരേപോലെ കഴിവുള്ള താരങ്ങളാണ് എന്ന് കാർത്തിക് പറയുന്നു. ഇരുവരെയും വിക്കറ്റ് കീപ്പർ എന്ന തസ്തികയിൽ നിന്നും മാറ്റി സ്പെഷലിസ്റ്റ് ബാറ്റർമാരായി പോലും ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും എന്നാണ് കാർത്തിക് കരുതുന്നത്. ഒരൊറ്റ കാരണം മാത്രം മുന്നിൽ കണ്ടാണ് സഞ്ജുവിന് പകരം പന്തിനെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്ന് കാർത്തിക് പറയുന്നു. പന്ത് ഇടംകയ്യൻ ബാറ്ററാണ് എന്ന കാരണം മാത്രമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലെ പിന്നിലുള്ളത് എന്ന് കാർത്തിക് ആവർത്തിച്ചു.
“ഒരുപക്ഷേ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഇടങ്കയ്യൻ ബാറ്റററുടെ സാന്നിധ്യം ആവശ്യമായിരിക്കാം.അത്തരം ബാറ്റർമാർ നൽകുന്ന വൈവിധ്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. ഈ കാരണത്താലാണ് സഞ്ജുവിന് മുകളിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. സഞ്ജു ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിന് അടുത്ത് വരെ എത്തിയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കാതിരുന്നത് താരത്തിന് തിരിച്ചടിയായി എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇതൊക്കെയും ടീം സെലക്ഷനിൽ ഒരു ഘടകമായി മാറിയിരുന്നിരിക്കാം.”- ദിനേശ് കാർത്തിക് പറയുന്നു.
ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇതിന് പ്രധാനകാരണം സഞ്ജുവിന്റെ സമീപകാലത്തെ പ്രകടനങ്ങൾ തന്നെയാണ്. അവസാനമായി താൻ കളിച്ച ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. മാത്രമല്ല ട്വന്റി20 മത്സരങ്ങളിലും സമീപകാലത്ത് സഞ്ജുവിന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോൾ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡ് നിശ്ചയിച്ചിരിക്കുന്നത്.