കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മിന്നും വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജയിസ്വാളിന്റെ ഇന്നിംഗ്സായിരുന്നു. 150 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനായി ആദ്യ ബോൾ മുതൽ ജെയ്‌സ്വാൾ തകർത്താടി. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് ജെയ്‌സ്വാൾ ആരംഭിച്ചത്. നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറിൽ 26 റൺസായിരുന്നു ജെയ്‌സ്വാൾ നേടിയത്. ഈ ഓവറോട് കൂടി മത്സരത്തിന്റെ മൊമെന്റം പൂർണമായും രാജസ്ഥാന്റെ കയ്യിലേക്ക് എത്തിപ്പെടുകയായിരുന്നു മത്സരശേഷം ഈ ഓവറിനെ പറ്റി കൊൽക്കത്തയുടെ നായകൻ നിതീഷ് റാണ പറയുകയുണ്ടായി.
മത്സരത്തിൽ റാണ എറിഞ്ഞ ആദ്യ ഓവർ മൂലമാണ് കൊൽക്കത്ത പരാജയപ്പെട്ടത് എന്ന രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടി നൽകുകയാണ് റാണ ഇപ്പോൾ. “മത്സരത്തിൽ ജെയ്‌സ്വാളിന്റെ ഇന്നിങ്സ് വളരെ പ്രശംസനീയം തന്നെയായിരുന്നു. ബാറ്റിംഗിൽ ഞങ്ങൾ മത്സരത്തിൽ ഒരുപാട് പിഴവുകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾക്ക് രണ്ടു പോയിന്റുകൾ നഷ്ടമായത്. എന്റെ ബോളിങ്ങിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ലോകം എന്നെ ഏതു തരത്തിൽ വിമർശിച്ചാലും ഞാൻ അത് കാര്യമാക്കുന്നില്ല. ഒരു പാർട്ട് ടൈം ബോളറായതിനാൽ തന്നെ ഫോമിലുള്ള ജെയ്‌സ്വാളിനെ തുടക്കത്തിൽ തന്നെ പുറത്താക്കാനാണ് ഞാൻ ആദ്യ ഓവർ എറിഞ്ഞത്. എന്നാൽ അത് ഫലം ചെയ്തില്ല. ഇന്ന് അദ്ദേഹത്തിന്റെ ദിവസമായിരുന്നു.”- റാണ പറഞ്ഞു.
മത്സരത്തിൽ ഒരു അത്യുഗ്രൻ പ്രകടനം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. ടോസ് നേടി ബോളിഗ് തെരഞ്ഞെടുത്ത രാജസ്ഥാനായി ആദ്യ ഓവറുകളിൽ തന്നെ ട്രെന്റ് ബോൾട്ട് ആധിപത്യം സ്ഥാപിച്ചു. കൊൽക്കത്തയുടെ സ്റ്റാർ ഓപ്പണർമാരായ ജയ്സൺ റോയിയെയും(10) ഗുർബാസിനെയും(16) തുടക്കത്തിൽ തന്നെ ബോൾട്ട് കൂടാരം കയറ്റി. ശേഷം 42 പന്തുകളിൽ 57 റൺസ് നേടിയ വെങ്കിടേഷ് അയ്യർ മാത്രമായിരുന്നു കൊൽക്കത്തൻ നിരയിൽ പിടിച്ചുനിന്നത്. രാജസ്ഥാൻ ബോളർമാർ അവസാന ഓവറുകളിൽ കരുതലോടെ പന്തറിഞ്ഞതിനാൽ തന്നെ 149 റൺസിൽ കൊൽക്കത്തയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ എല്ലാത്തരത്തിലും ജെയ്‌സ്വാളിന്റെ തൂക്കിയടി തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 47 പന്തുകളിൽ 98 റൺസ് ആയിരുന്നു ജെയ്‌സ്വാൾ നേടിയത്. 29 പന്തുകളിൽ 48 റൺസെടുത്ത സഞ്ജു സാംസൺ കൂടി പിന്തുണ നൽകിയതോടെ രാജസ്ഥാൻ മത്സരത്തിൽ 41 പന്തുകൾ ബാക്കിനിൽക്കെ ഒമ്പത് വിക്കറ്റുകൾക്ക് വിജയം കാണുകയായിരുന്നു. ഈ വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിൽ കൂടി വിജയം നേടിയാലെ രാജസ്ഥാന് പ്ലെയോഫിലെത്താൻ സാധിക്കൂ.