എന്തുകൊണ്ടാണ് മുഹമ്മദ് ഷമിക്ക് അവസാന ഓവര്‍ മാത്രം നല്‍കിയത് ? കാരണം പറഞ്ഞ് രോഹിത് ശര്‍മ്മ

ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഒരു ഘട്ടത്തില്‍ അനായാസം ഓസ്ട്രേലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുഹമ്മദ് ഷമിയുടെ അവസാന ഓവര്‍ ഇന്ത്യക്ക് വിജയം നല്‍കി.

അവസാന ഓവറില്‍ 11 റണ്ണായിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. ഷമി എറിഞ്ഞ അവസാന 4 പന്തുകളും വിക്കറ്റായിരുന്നു. ഇതോടെ 187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 180 റണ്‍സില്‍ എല്ലാവരും പുറത്തായി.

മത്സരത്തില്‍ ഷമി എറിഞ്ഞ ഏക ഓവറും ആ ഇരുപതാം ഓവറായിരുന്നു. അതിനു മുന്‍പേ ഷമി ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നില്ലാ. 19ാം ഓവര്‍ പൂര്‍ത്തിയായ മുഹമ്മദ് ഷമിയെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പന്തേല്‍പ്പിക്കുകയായിരുന്നു. എന്തുകൊണ്ടാണ് മുഹമ്മദ് ഷമിക്ക് ഒരു ഓവര്‍ മാത്രം നല്‍കിയത് എന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ വെളിപ്പെടുത്തി.

” അവൻ കുറേ നാളുകള്‍ക്ക് ശേഷമാണ് ടീമിൽ തിരിച്ചെത്തുന്നത്. അതിനാൽ അവനൊരു ഓവർ നൽകുവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു .അവൻ ന്യൂ ബോളിൽ എത്രത്തോളം അപകടകാരിയാണെന്ന് ഞങ്ങൾക്കറിയാം. ഡെത്ത് ഓവറിൽ അവന് ഓവർ നൽകുകയായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതുകൊണ്ട് തന്നെ ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ ഞങ്ങൾ നൽകിയത്. അവന്‍ എന്താണ് ചെയ്തത് എന്ന് നിങ്ങള്‍ കണ്ടില്ലേ ” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു