എന്തുകൊണ്ട് ബുംയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നില്ല? ഉത്തരവുമായി ഗൗതം ഗംഭീർ.

ഇന്ത്യയുടെ പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീർ തന്റെ ആദ്യ ഉദ്യമത്തിനായി തയ്യാറെടുക്കുകയാണ്. ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന, ട്വന്റി20 പരമ്പരകളാണ് ഗംഭീറിന്റെ ആദ്യ അസൈൻമെന്റ്. ഇതിന് മുമ്പായി ഗംഭീർ പത്രസമ്മേളനം നടത്തുകയുണ്ടായി. ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളാണ് പത്രസമ്മേളനത്തിൽ ഗംഭീർ പറഞ്ഞത്.

ഇന്ത്യയുടെ പ്രീമിയം പേസറായ ജസ്പീത് ബൂമ്രയുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഗംഭീർ സംസാരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബൂമ്രയെ ഇന്ത്യ എല്ലാ മത്സരങ്ങളിലും ഉൾപ്പെടുത്താത്തത് എന്നാണ് ഗംഭീർ പറഞ്ഞത്. ബൂമ്ര ഒരു അപൂർവതരം ബോളർ ആണെന്നാണ് ഗംഭീർ പറയുന്നത്.

അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളിലും ഉൾപ്പെടുത്തി റിസ്ക് എടുക്കാൻ തങ്ങൾ തയ്യാറല്ല എന്നും ഗംഭീർ കൂട്ടിച്ചേർക്കുകയുണ്ടായി. “ഞാൻ ഇക്കാര്യം മുൻപു തന്നെ പറഞ്ഞിട്ടുണ്ട്. ജസ്‌പ്രീത് ബുമ്രയെ പോലെയുള്ളവരുടെ ജോലിഭാരം കൃത്യമായി ലഘൂകരിച്ച് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. എല്ലാ ടീമുകൾക്കും ആവശ്യമുള്ള തരത്തിലുള്ള ഒരു അപൂർവ്വ ബോളറാണ് ബൂമ്ര. പ്രധാനപ്പെട്ട മത്സരങ്ങളിലൊക്കെയും ബൂമ്രയുടെ സാന്നിധ്യം നമുക്ക് ആവശ്യമാണ്. അതിനാൽ അവന്റെ ജോലിഭാരം കൃത്യമായി മാനേജ് ചെയ്യേണ്ടതുണ്ട്. അവന്റെ മാത്രമല്ല ഫാസ്റ്റ് ബോളർമാരുടെ എല്ലാവരുടെയും ജോലിഭാരം കൃത്യമായി നിയന്ത്രിക്കണം.”- ഗംഭീർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യയ്ക്കായി സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ബൂമ്ര കാഴ്ചവെച്ചിട്ടുള്ളത്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു. ശേഷം 2024 ട്വന്റി20 ലോകകപ്പിലും നിർണായക സമയങ്ങളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ സമ്മാനിച്ചു കീരീടത്തില്‍ എത്തിച്ചു.

വരാനിരിക്കുന്ന വലിയ ടൂർണമെന്റുകളിലൊക്കെയും ഇന്ത്യയുടെ പ്രധാന താരമായി ബുമ്രയെ കളിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വിശ്രമങ്ങൾ അനുവദിക്കുന്നത് എന്ന് ഗംഭീർ ചൂണ്ടിക്കാട്ടുന്നു. ബാറ്റർമാർക്കും ബോളർമാർക്കും വ്യത്യസ്തമായ രീതിയിലാണ് ജോലിഭാരം നിയന്ത്രിക്കുന്നത് എന്നും ഗംഭീർ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

“നിങ്ങൾ നന്നായി ബാറ്റ് ചെയ്യുന്ന ഒരു ബാറ്ററാണെങ്കിൽ, നിങ്ങൾക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ടീമിൽ കളിക്കാൻ സാധിക്കും. രോഹിത് ശർമയും വിരാട് കോഹ്ലിയും ഇപ്പോൾ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ക്രിക്കറ്റിന്റെ മറ്റു 2 ഫോർമാറ്റുകളിലും കളിക്കാം. അത് മറ്റൊരു ലീഗാണ്. അതിനാൽ വരും മത്സരങ്ങളിലും അവരുടെ ലഭ്യത ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.” – ഗംഭീർ പറഞ്ഞുവെക്കുകയുണ്ടായി.

Previous article“അവൻ ഒരു ദിവസം ഇന്ത്യയുടെ 3 ഫോർമാറ്റിലെയും ക്യാപ്റ്റനാവും”. ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് പറയുന്നു.
Next article“റൺവേട്ടക്കാരിൽ സച്ചിനെ മറികടക്കാൻ അവന് സാധിക്കും”, ഇംഗ്ലണ്ട് താരത്തെപറ്റി മൈക്കിൾ വോൺ.