അവനെ എന്തിനാണ് ആ പൊസിഷനിൽ ഇറക്കിയത്? ദ്രാവിഡിന്റെ മണ്ടൻ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം.

2019 ഡിസംബറിന് ശേഷം ആദ്യമായാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ പരാജയമറിഞ്ഞത്. തുടർച്ചയായ 9 പരാജയങ്ങൾക്ക് ശേഷമാണ് വെസ്റ്റിൻഡീസ് ഇന്ത്യൻ ടീമിനെ ഒരു ഏകദിന മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലെ പരാജയം ഇന്ത്യയെ വളരെയേറെ ബാധിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾക്ക് മുതിർന്നതുകൊണ്ടാണ് പരാജയം സംഭവിച്ചത് എന്ന് ഇന്ത്യൻ ടീം താരങ്ങൾ പറയുമ്പോഴും, ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

പ്രധാനമായും മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ സംബന്ധിച്ചാണ് വലിയ വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. മത്സരത്തിൽ അക്ഷർ പട്ടേലിനെ നാലാം നമ്പറിൽ ഇറക്കിയതിനെ ചോദ്യം ചെയ്ത് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ ചോപ്ര.

വിരാട് കോഹ്ലിയും രോഹിത് ശർമയും രണ്ടാം ഏകദിനത്തിൽ നിന്നും മാറിനിന്ന സാഹചര്യത്തിലായിരുന്നു അക്ഷർ പട്ടേലിനെ ഇന്ത്യ നാലാം നമ്പറിൽ ഇറക്കിയത്. ഇതിനെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്. “മത്സരത്തിൽ അക്ഷർ നാലാമനായാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. അത് എന്തിനായിരുന്നു എന്നെനിക്കറിയില്ല.അക്ഷർ പട്ടേലിനോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. പക്ഷേ നാലാം നമ്പറിൽ അക്ഷർ ഇനി കളിക്കാൻ പോകുന്നില്ല.

ലോകകപ്പും ഏഷ്യാകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ നാലാം നമ്പറിൽ ഇന്ത്യക്കായി അക്ഷർ പട്ടേൽ കളിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. ആ പൊസിഷനിൽ ഇനി അദ്ദേഹം 50 ഓവർ ക്രിക്കറ്റിൽ കളിക്കുകയേയില്ല എന്നാണ് ഞാൻ കരുതുന്നത്.”- ആകാശ് ചോപ്ര പറയുന്നു.

“മറ്റൊരു ചോദ്യം കൂടി എനിക്ക് ചോദിക്കാനുണ്ട്? നിലവിൽ ഇന്ത്യയുടെ ഓപ്പണർമാരായ ഉള്ളത് രോഹിത് ശർമയും ശുഭമാൻ ഗില്ലുമാണ്. അതിനുശേഷം മൂന്നാം നമ്പറിൽ വിരാട് കോഹ്ലി ഇറങ്ങും. ഈ ബാറ്റർമാരൊക്കെയും വലംകൈയ്യൻ ബാറ്റർമാരാണ്. മത്സരങ്ങളിൽ നമുക്ക് ഇടംകൈ- വലംകൈ കോമ്പിനേഷനുകൾ ആവശ്യമായി വന്നാൽ ഈ മൂന്നു കളിക്കാരിൽ ആരെയെങ്കിലും ബാറ്റിംഗ് ഓർഡറിൽ ഇന്ത്യ താഴേക്ക് ഇറക്കുമോ? അങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയുള്ളപ്പോൾ എന്തിനാണ് അക്ഷർ പട്ടേലിനെ ഇന്ത്യ നാലാം നമ്പറിൽ ഇറക്കി പരീക്ഷിച്ചത്?”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയെങ്കിലും വളരെ മോശം പ്രകടനമായിരുന്നു അക്ഷർ കാഴ്ചവെച്ചത്. മത്സരത്തിൽ 8 പന്തുകൾ നേരിട്ട അക്ഷർ ഒരു റൺ മാത്രമാണ് നേടിയത്. അക്ഷറിന്റെ വിക്കറ്റാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് വലിയ തുടക്കമായി മാറിയത്. മാത്രമല്ല മത്സരത്തിൽ കേവലം 2 ഓവറുകൾ മാത്രമാണ് അക്ഷറിന് ബോൾ ചെയ്യാൻ സാധിച്ചത്. അവസാന ഏകദിനത്തിൽ കൂടുതൽ മികച്ച രീതിയിൽ അക്ഷറിനെ ഇന്ത്യ ഉപയോഗിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.