ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ പരാജയം ഇന്ത്യയ്ക്ക് വളരെയേറെ നിരാശ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ആദ്യ രണ്ട് ടെസ്റ്റുകളിലും മികവാർന്ന പ്രകടനങ്ങൾ നടത്തിയ ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പരാജയം തന്നെയാണ് ഇൻഡോറിൽ നേരിടേണ്ടിവന്നത്. ഇതിൽ പ്രധാന കാരണമായി മാറിയത് ഇൻഡോറിലെ ടേണിങ് പിച്ചായിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ടേണിങ് വിക്കറ്റുകൾ ഇന്ത്യ നിർമ്മിക്കാൻ തയ്യാറാകുന്നത് എന്നാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്. ഇന്ത്യൻ ബോളിംഗിലെ ശക്തി കുറവാണ് ഇത്തരത്തിൽ സ്പിൻ ട്രാക്കുകളെ ഇന്ത്യ അമിതമായി ആശ്രയിക്കാനുള്ള കാരണം എന്ന് ഗവാസ്കർ പറയുന്നു.
ബുംറയും ഷാമിയുമടക്കമുള്ള പ്രീമിയം ബോളർമാർ ഇല്ലാതെ വന്നതിനാലാണ് ഇന്ത്യ ഇൻഡോറിൽ സ്പിൻ പിച്ച് നിർമ്മിച്ചത് എന്ന് ഗവാസ്കർ പറയുന്നു. “ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റുകൾ സ്വന്തമാക്കുക എന്നത് അനായാസ കാര്യമല്ല. മാത്രമല്ല പ്രീമിയം ബോളർമാരായ ജസ്പ്രീറ്റ് ബൂമ്ര, മുഹമ്മദ് ഷാമി എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ബോളിഗ് അത്ര ശക്തമാണെന്നും ഞാൻ കരുതുന്നില്ല.”- ഗവാസ്കർ പറഞ്ഞു.
“എന്നാൽ ഇതേ സമയത്ത് മൈതാനത്ത് ഈർപ്പമേറിയ പിച്ചുകളുണ്ടെങ്കിൽ ഇന്ത്യയുടെ സ്പിന്നർമാർക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കും. അങ്ങനെ 20 വിക്കറ്റുകൾ സ്വന്തമാക്കാൻ അവർക്ക് സാധിക്കുകയും ചെയ്യും. ഇക്കാരണം കൊണ്ടാണ് ഇന്ത്യ ഇത്തരം നിർമ്മിക്കാൻ തയ്യാറാവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
മൂന്നാം മത്സരത്തിൽ പരാജയമറിഞ്ഞതോടെ വലിയ പ്രതിസന്ധിയിൽ തന്നെയാണ് നിലവിൽ ഇന്ത്യ ഉള്ളത്. മാർച്ച് 9ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ എന്ത് വിലകൊടുത്തും വിജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷാമി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.