ആദ്യ ദിവസം തന്നെ രോഹിതിന്റെ മണ്ടത്തരം. ഈ കളിയും ഇന്ത്യ തോൽക്കുമോ? ബ്രെറ്റ് ലീ പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം മഴമൂലം ഭാഗികമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ആദ്യ ദിവസം ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് കേവലം 14 ഓവറുകൾ മാത്രമാണ് മൈതാനത്ത് തുടരാൻ സാധിച്ചത്.

ശേഷം മഴയെത്തുകയും മത്സരം നടത്താൻ സാധിക്കാതെ വരികയും ചെയ്തു. എന്നാൽ മത്സരത്തിൽ ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുക്കാനുള്ള രോഹിത് ശർമയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ബോളർ ബ്രറ്റ് ലീ. മഴയുടെ സാഹചര്യവും മൈതാനത്തെ ഈർപ്പവും മൂലമാണ് തങ്ങൾ ബോളിങ് തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു രോഹിത് ശർമ ടോസിന്റെ സമയത്ത് പറഞ്ഞത്. എന്നാൽ ഇതൊരു തെറ്റായിരുന്നു എന്ന് ലീ പറയുന്നു.

രോഹിത്തിന്റെ ഈ തീരുമാനത്തിൽ തനിക്ക് ഒട്ടും തൃപ്തിയില്ല എന്നാണ് ലീ പറഞ്ഞത്. “ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ശേഷം ബോളിങ്‌ തിരഞ്ഞാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു വലിയ പിഴവായാണ് ഞാൻ കരുതുന്നത്. കാരണം മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ഈ പിച്ച് കഠിനമായി മാറും. അതുകൊണ്ടു തന്നെ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് ഇവിടെ അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ആദ്യ ഇന്നിങ്സിന് ശേഷം ബാറ്റർമാർ നന്നായി ബുദ്ധിമുട്ടുന്നത് നമുക്ക് കാണാൻ സാധിക്കും. നാലാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുക എന്നതും ഇവിടെ ബുദ്ധിമുട്ടേറിയ കാര്യമാവും.”- ബ്രെറ്റ് ലീ പറഞ്ഞു.

ഇന്ത്യൻ ബാറ്റർമാർ മൈതാനത്ത് എത്തുന്ന സമയത്ത് വളരെയധികം ബുദ്ധിമുട്ടും എന്നാണ് ലീ കരുതുന്നത്. “ഇന്ത്യയുടെ മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും പിന്നീട് വളരെ ബുദ്ധിമുട്ടും എന്നാണ് ഞാൻ കരുതുന്നത്. ഓസ്ട്രേലിയൻ ബോളർമാരെ സംബന്ധിച്ച് ഇത് അവർക്ക് അനുകൂലമായി മാറും. അവർ മികച്ച രീതിയിൽ പന്തറിയുകയും ചെയ്യും.”- ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ 2 മാറ്റങ്ങളുമായാണ് ഇന്ത്യ ബിസ്ബെയ്നിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിന് തയ്യാറായത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്ന രവിചന്ദ്രൻ അശ്വിന് പകരം ഇത്തവണ രവീന്ദ്ര ജഡേജയാണ് ഇലവനിലേക്ക് എത്തിയത്.

ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യക്കായി ബോൾ ചെയ്യാനെത്തിയ ഹർഷിത് റാണയെയും ഇന്ത്യ മൂന്നാമത്തെ മത്സരത്തിൽ ഒഴിവാക്കുകയുണ്ടായി. പകരക്കാരനായി ആകാശ് ദീപായിരുന്നു ഇന്ത്യൻ നിരയിൽ അണിനിരന്നത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയയുടെ പേസർ ജോഷ് ഹെസൽവുഡ് മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ആദ്യ ദിവസം കേവലം 28 റൺസ് മാത്രം സ്വന്തമാക്കാനുള്ള അവസരമേ ഓസ്ട്രേലിയക്ക് ലഭിച്ചുള്ളൂ.

Previous articleഗാബ്ബയിലും മാറ്റമില്ലാ. സിറാജിനെ ഓസ്ട്രേലിയന്‍ ആരാധകര്‍ സ്വീകരിച്ചത് കൂവലോടെ