ഹെഡ് ക്രീസിലെത്തിയപ്പോൾ എന്തുകൊണ്ട് ബുമ്രയ്ക്ക് ബോൾ നൽകിയില്ല. രോഹിതിനെതിരെ ഹർഭജൻ സിംഗ്.

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസ്ട്രേലിയയുടെ സൂപ്പർ താരം ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്കെതിരെ പൂർണമായ ആക്രമണം അഴിച്ചുവിട്ട ഹെഡ് 160 പന്തുകളിൽ 18 ബൗണ്ടറികളടക്കം 152 റൺസാണ് സ്വന്തമാക്കിയത്.

ഹെഡിന്റെ ഈ തകർപ്പൻ ഇന്നിങ്സിലൂടെ മത്സരത്തിൽ ഓസ്ട്രേലിയ ആധിപത്യം നേടുകയുണ്ടായി. ഒപ്പം മറ്റൊരു സൂപ്പർതാരമായ സ്റ്റീവ് സ്മിത്തും സെഞ്ച്വറി സ്വന്തമാക്കിയതോടെ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാൽ ഹെഡിന്റെ ഈ സെഞ്ച്വറിയ്ക്ക് പ്രധാന കാരണം രോഹിത് ശർമയുടെ മൈതാനത്തെ മോശം തീരുമാനങ്ങളാണ് എന്ന് വ്യക്തമായി വെളിപ്പെടുത്തി രംഗത്തെത്തി ഇരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

393040

ഹെഡ് ക്രീസിലെത്തിയ സമയത്ത് ഇന്ത്യ ബുമ്രയ്ക്ക് ബോൾ നൽകാതിരുന്നത് വലിയ തെറ്റായി മാറി എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്. “മത്സരത്തിൽ ഇന്ത്യ വലിയൊരു പിഴവ് കാണിച്ചു. ട്രാവിസ് ഹെഡ് ക്രീസിലെത്തിയ സമയത്ത് തന്നെ ഇന്ത്യ ബുമ്രയെ പന്ത് ഏൽപ്പിക്കേണ്ടിയിരുന്നു. എന്നാൽ ഹെഡ് ക്രീസിലെത്തിയ സമയത്ത് നിതീഷ് കുമാർ റെഡ്ഡിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി ബോൾ ചെയ്തിരുന്നത്. ഈ താരങ്ങൾ ബോൾ ചെയ്തതിനാൽ തന്നെ ഹെഡിന് ക്രീസിലുറയ്ക്കാനും മികവ് പുലർത്താനും സാധിച്ചു.”- ഹർഭജൻ സിംഗ് പറയുന്നു.

“ട്രാവിസ് ഹെഡിനെ പോലെ ഒരു ബാറ്റർ മൈതാനത്ത് ബാറ്റിങ്ങിനായി എത്തുമ്പോൾ നമ്മുടെ ഏറ്റവും മികച്ച ബോളർ തന്നെ വേണം അദ്ദേഹത്തിനെതിരെ ആദ്യം പന്ത് എറിയാൻ. മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം തവണയും ഹെഡിനെതിരെ മികച്ച രീതിയിൽ പന്തറിയാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചില്ല. അതിനാൽ വലിയ വിലയാണ് ഇപ്പോൾ അവർ നൽകേണ്ടി വന്നിരിക്കുന്നത്. വളരെ അപകടകരമായ രീതിയിലാണ് അവൻ ബാറ്റ് ചെയ്യുന്നത്. മൈതാനത്ത് അവൻ ചിലവഴിക്കുന്ന ഓരോ നിമിഷവും ഇന്ത്യൻ ടീമിന് തിരിച്ചടി ലഭിക്കുന്നു.”- ഹർഭജൻ കൂട്ടിച്ചേർത്തു.

ഹെഡ് ക്രീസിലെത്തിയ സമയത്ത് ബൂമ്രയെ പന്തെറിയിപ്പിക്കാൻ രോഹിത് തയ്യാറായില്ല. ഇതിനെതിരെ മറ്റു പല താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 89 റൺസ് നേടാൻ ഹെഡിന് സാധിച്ചിരുന്നു. ശേഷം രണ്ടാം ടെസ്റ്റിൽ ഒരു വെടിക്കെട്ട് പ്രകടനത്തോടെ 140 റൺസ് ഹെഡ് സ്വന്തമാക്കി. 10 വിക്കറ്റുകൾക്ക് ഓസ്ട്രേലിയ വിജയിച്ച മത്സരത്തിൽ ഹെഡായിരുന്നു കളിയിലെ താരം. മൂന്നാം ടെസ്റ്റ് മത്സരത്തിലും വലിയ ഭീഷണി തന്നെയാണ് ഹെഡ് ഇന്ത്യയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്.

Previous articleമണ്ടൻ ക്യാപ്റ്റൻസി. ഹെഡിനെ പൂട്ടാൻ വഴിയില്ല. രോഹിതിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ.