മഹേന്ദ്ര സിങ്ങ് ധോണി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്കെത്തുന്ന നമ്പറാണ് 7. ഫുട്ബോളില്‍ ഏഴാം നമ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനശ്വരമാക്കിയപ്പോള്‍ ക്രിക്കറ്റില്‍ അത് ധോണിയാണ്. കരിയറിന്‍റെ ആരംഭം മുതല്‍ ഏഴാം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് ധോണി കളിക്കാറുള്ളത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഏഴാം നമ്പര്‍ ജേഴസി ഉപയോഗിക്കുന്നത് എന്ന് പറയുകയാണ് മഹേന്ദ്ര സിങ്ങ് ധോണി.
അന്ധവിശ്വാസത്തിന്‍റെ ഭാഗമായല്ലാ എന്നാണ് ഇന്ത്യ സിമന്‍റസ് നടത്തിയ ചടങ്ങില്‍ ആരാധകര്‍ക്കായി ധോണി അറിയിച്ചത്. ” ഞാന്‍ ഏഴാം നമ്പര്‍ ഉപയോഗിക്കാന്‍ ലളിതമായ കാരണം മാത്രമാണുള്ളത്. ഞാന്‍ ജനിച്ചത് ജൂലൈ ഏഴിനാണ്. അതായത് ഏഴാം മാസത്തിലെ ഏഴാം തീയ്യതി. അതാണ് ഏഴാം നമ്പര്‍ തിരഞ്ഞെടുക്കാന്‍ കാരണം ” ധോണി വെളിപ്പെടുത്തി.
ഏഴ് ഹൃദയത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന നമ്പറാണെന്നും ധോണി പറഞ്ഞു. ‘ഏഴ് എന്നത് നൂട്രല്‍ നമ്പറാണെന്ന് ഒരുപാട് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുതന്നില്ലെങ്കിലും നിങ്ങള്‍ക്ക് നിര്‍ഭാഗ്യവും തരില്ല. അതും എന്നെ ഏഴിലേക്ക് ആകര്‍ഷിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഞാന്‍ നമ്പറില്‍ അമിതമായി വിശ്വസിക്കുന്ന താരമല്ല. എന്നാല്‍ ഏറെ നാളുകളായി എന്റെയൊപ്പം ഉള്ള നമ്പറെന്ന നിലയില്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഏഴാം നമ്പര്‍’- ധോണി കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിങ്ങ് ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ധോണിയുടെ അവസാന സീസണാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ നേരിടും.