ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ടീം പ്രഖ്യാപനം ഒടുവിൽ സമ്മാനിച്ചത് അനേകം സർപ്രൈസുകൾ. വിൻഡീസ് എതിരായ ഏകദിന, ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെയാണ് കഴിഞ്ഞ ദിവസം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. യുവ താരങ്ങൾ പലരും സ്‌ക്വാഡിലേക്ക് എത്തിയപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സ്‌ക്വാഡിലേക്ക് ഒരുമിച്ച് എത്തിയെന്നത് ശ്രദ്ധേയം.
ഇന്ത്യൻ ടി :20 ടീമിന് പിന്നാലെ ഏകദിന നായകനായും രോഹിത് എത്തുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഇത്. യുവ താരങ്ങളായ ഗെയ്ക്ഗ്വാദ്, വെങ്കടേഷ് അയ്യർ,രവി ബിഷ്ണോയി എന്നിവർക്ക് ടീമിലേക്ക് അവസരം ലഭിച്ചപ്പോൾ ചൈന മാൻ ബൗളർ കുൽദീപ് യാദവ് വളരെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് എത്തി.
എന്നാൽ എല്ലാവരിലും ഞെട്ടലായി മാറിയത് ഏകദിന ടീമിലേക്ക് എത്തിയ ആൾറൗണ്ടർ ദീപക് ഹൂഡയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച അനേകം പ്രകടനങ്ങളാണ് ദീപക് ഹൂഡക്ക് ഇന്ത്യൻ ഏകദിന ടീമിലേക്ക് ആദ്യമായി അവസരം നൽകിയത്. നേരത്തെ ഐപിഎല്ലിൽ ചില വെടിക്കെട്ട് ഇന്നിംഗ്സുകളിൽ കൂടി കയ്യടികൾ നേടിയിരുന്ന ദീപക് ഹൂഡയെ ഒരു ആൾറൗണ്ടർ റോളിൽ വളർത്തി എടുക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന 2023ലെ ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടാണ് ടീം പ്രഖ്യാപനം.ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ 6 കളികളിൽ നിന്നും 294 റൺസ് അടിച്ച താരം മികച്ച ഫോമിലാണ്.
ആഭ്യന്തര ടി :20ക്രിക്കറ്റിൽ രാജസ്ഥാൻ ടീമിനായി മിന്നും ഫോമിലാണ് താരം.75(39),50(28),70(36),21(16),75(47) എന്നിങ്ങനെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. കൂടാതെ ഒരു മികച്ച പാർട്ട് ടൈം ഓഫ് സ്പിൻ ബൗളർ കൂടിയായ ദീപക് ഹൂഡക്ക് മിഡിൽ ഓവറുകളിൽ റൺസ് വഴങ്ങാതെ പന്തെറിയാനുള്ള മിടുക്കുണ്ട്. നേരത്തെ ബറോഡ ടീമിൽ കളിക്കവേ നായകൻ കൃനാൾ പാന്ധ്യയുമായി താരം സൃഷ്ടിച്ച തർക്കം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.