പഞ്ചാബിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു രാജസ്ഥാൻ റോയൽസിനെ തേടിയെത്തിയത്. വളരെ മികച്ച ബാറ്റിംഗ് പിച്ചായിട്ടും രാജസ്ഥാൻ മത്സരത്തിൽ അഞ്ചു റൺസിന് പരാജയപ്പെടുകയുണ്ടായി. ശിഖർ ധവാന്റെയും(86) പ്രഭ്സിമ്രാന്റെയും(60) തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ പഞ്ചാബിന് വലിയൊരു സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് ജയിസ്വാളിനൊപ്പം രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. മത്സരത്തിലെ പരാജയത്തിൽ വലിയൊരു പങ്കുവഹിച്ചത് ജോസ് ബട്ലറെ ഓപ്പണറായി ഇറക്കാത്തതാണ് എന്ന വിമർശനങ്ങളും ഇതിന് പിന്നാലെ വന്നിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ബട്ലറെ ഓപ്പണറായി ഇറക്കാത്തത് എന്നതിനെപ്പറ്റി സഞ്ജു സാംസൺ മത്സരശേഷം സംസാരിച്ചു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ക്യാച്ച് എടുക്കുന്നതിനിടെ ജോസ് ബട്ലറിന് വിരലിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് ബട്ലർ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാതിരുന്നത് എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. “ബട്ലർക്ക് മത്സരത്തിൽ ചെറിയൊരു പരിക്ക് പറ്റിയിരുന്നു. ഫീൽഡിങ് സമയത്താണ് ബട്ലറിന് പരിക്ക് പറ്റിയത്. അതിനാൽതന്നെ കയ്യിൽ സ്റ്റിച്ചസ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ഫിസിയോയ്ക്ക് ജോസ് ബട്ലറുടെ കാര്യം ശ്രദ്ധിക്കാൻ കുറച്ചു സമയം വേണമായിരുന്നു. അതുകൊണ്ടാണ് ജോസ് മത്സരത്തിൽ ഇന്ന് ഓപ്പൺ ചെയ്യാതിരുന്നത്. അപ്പോൾ ഞാൻ കരുതിയത് അശ്വിനെ ഓപ്പണിങ്ങിറക്കി ബാക്കിയുള്ളവർക്ക് അല്പം സമയം നൽകാമെന്നാണ്. മാത്രമല്ല അങ്ങനെ വരുമ്പോൾ ദേവദത്ത് പടിക്കലിന് മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനും സാധിക്കും.”- സാംസൺ പറയുന്നു.
“ഞങ്ങൾ വളരെ മികച്ച രീതിയിലായിരുന്നു ഇന്നിങ്സ് ആരംഭിച്ചത്. പവർ പ്ലേ അവസാനിക്കുമ്പോഴും ഞങ്ങൾ നല്ല നിലയിലായിരുന്നു. മധ്യ ഓവറുകളിൽ ഇടയ്ക്കിടെ ബൗണ്ടറികൾ സ്വന്തമാക്കാനാവും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പഞ്ചാബ് വളരെ മികച്ച രീതിയിലാണ് പന്തറിഞ്ഞത്. അവർ രണ്ടു മൂന്ന് ടൈറ്റ് ഓവറുകൾ ഒരുമിച്ച് എറിയുകയുണ്ടായി. ആ സമയത്താണ് ഞങ്ങളുടെ മൊമന്റം ചെറുതായി നഷ്ടമായത്. എന്നിരുന്നാലും വിജയലക്ഷ്യത്തിന് അടുത്തെത്താനായി ഞങ്ങൾ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ഒന്നു രണ്ടു ബൗണ്ടറികൾ അവിടെയും ഇവിടെയും നേടാൻ ഞങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിൽ ഒരു ബൗണ്ടറി കൂടെ നേടാൻ സാധിച്ചിരുന്നെങ്കിൽ വിജയിക്കാമായിരുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ത്രസിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രാജസ്ഥാന്റെ മധ്യനിര ബാറ്റർമാർ കാഴ്ചവച്ചത്. അവസാന ഓവറുകളിൽ ഹെറ്റ്മെയറും ജൂറലും അടിച്ചു തകർത്തു. ഹെറ്റ്മെയ്ർ 18 പന്തുകളിൽ 36 റൺസ് നേടിയപ്പോൾ, ജൂറൽ 15 പന്തുകളിൽ 32 റൺസാണ് നേടിയത്. എന്നിരുന്നാലും വിജയലക്ഷ്യത്തിന് 5 റൺസിനകലെ രാജസ്ഥാൻ റോയൽസ് വീഴുകയായിരുന്നു.