2025 ചാമ്പ്യൻസ് ട്രോഫി അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ഇന്ത്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ടൂർണമെന്റ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുമ്പോൾ രണ്ടാം സെമിഫൈനലിൽ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ഈ സാഹചര്യത്തിൽ ടൂർണമെന്റിന്റെ ഫൈനലിൽ ഏതൊക്കെ ടീമുകളെത്തും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്‌സ്.
2024 ട്വന്റി20 ലോകകപ്പിന് സമാനമായ രീതിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടും എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. മത്സരത്തിൽ ഇന്ത്യ വിജയിക്കാനുള്ള സാധ്യതയെ പറ്റിയും ഡിവില്ലിയേഴ്സ് സംസാരിക്കുകയുണ്ടായി.”ഇത്തരമൊരു കാര്യം പ്രവചിക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും എനിക്ക് തോന്നുന്നത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടും എന്നാണ്. കഴിഞ്ഞവർഷം നടന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ പോലെ ഒരു മത്സരമാവും ഇത്തവണയും നടക്കുക. വീണ്ടും ചരിത്രം ആവർത്തിച്ചാലും ഞാൻ അത്ഭുതപ്പെടുകയില്ല. “- ഡിവില്ലിയേഴ്‌സ് പറയുകയുണ്ടായി.
നിലവിൽ തങ്ങളുടെ മൂന്നാമത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്ക 1998ന് ശേഷം ഇതുവരെ ഒരു ഐസിസി ട്രോഫി സ്വന്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇരു ടീമുകളും ഫൈനലിൽ എത്തുക എന്നത് അത്ര അനായാസ കാര്യമല്ല. ഓസ്ട്രേലിയയും ന്യൂസിലാൻഡും ഇതിനോടകം തന്നെ ടൂർണമെന്റിൽ തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞവരാണ്. ഇരു ടീമുകളിലും പരിചയസമ്പന്നരായ ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്‌സിന്റെ പ്രവചനം എത്രമാത്രം ശരിയാകും എന്ന് കണ്ടറിയേണ്ടതാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ 3 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അനായാസം പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന് മേൽ പൂർണ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരുന്നു. ശേഷം ശക്തരായ ന്യൂസിലാൻഡിനെയും 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്തുകയായിരുന്നു.