സഞ്ജുവിന്റെ രാജസ്ഥാൻ സ്വന്തമാക്കിയ 13 വയസുകാരൻ. ആരാണ് സൂര്യവംശി?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രം മാറ്റികുറിച്ച് വൈഭവ് സൂര്യവംശി. 13കാരനായ ബീഹാർ ക്രിക്കറ്റർ ഐപിഎൽ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് ചേക്കേറിയത്. ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സൂര്യവംശി ഇതോടെ മാറിയിട്ടുണ്ട്.

ലേലത്തിൽ സൂര്യവംശിക്കായി ഒന്നിലധികം ടീമുകൾ രംഗത്തെത്തിയിരുന്നു. രാജസ്ഥാനും ഡൽഹിയുമാണ് ഈ യുവതാരത്തിനായുള്ള ലേലത്തിൽ വാശിയേറിയ പോരാട്ടം നയിച്ചത്. എന്തുകൊണ്ടാണ് സൂര്യവംശിയ്ക്ക് ഇത്രയധികം തുക വരാൻ കാരണമെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. ആരാണ് സൂര്യവംശി എന്ന് പരിശോധിക്കാം.

ബീഹാറിലെ സമസ്തിപൂരിൽ നിന്നാണ് സൂര്യവംശി ആഭ്യന്തര ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്. ഇതിനോടകം തന്നെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ 13കാരന് സാധിച്ചിട്ടുണ്ട്. 2023-24 രഞ്ജി ട്രോഫി സീസണിലായിരുന്നു സൂര്യവംശി ആദ്യമായി തന്റെ രഞ്ജി അരങ്ങേറ്റം കുറിച്ചത്. അന്ന് 12 വർഷവും 254 ദിവസവും മാത്രമായിരുന്നു സൂര്യവംശിയുടെ പ്രായം. മുംബൈയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ അണിനിരന്നതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായി സൂര്യവംശി മാറുകയുണ്ടായി. യുവരാജ് സിംഗിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും രഞ്ജി ട്രോഫിയിലെ റെക്കോർഡ് ആയിരുന്നു സൂര്യവംശി തകർത്തെറിഞ്ഞത്.

തനിക്ക് 15 വർഷവും 57 ദിവസവും പ്രായമുള്ളപ്പോഴാണ് യുവരാജ് സിംഗ് തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിച്ചത്. സച്ചിൻ ടെണ്ടുൽക്കർ 15 വർഷവും 230 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതെല്ലാം മറികടക്കാൻ സൂര്യവംശിയ്ക്ക് സാധിച്ചു. മാത്രമല്ല ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന യൂത്ത് ടെസ്റ്റ് സീരീസിലും തകർപ്പൻ പ്രകടനമായിരുന്നു ഈ യുവതാരം കാഴ്ചവെച്ചത്. മത്സരത്തിൽ 62 പന്തുകളിൽ 104 റൺസ് നേടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ സൂര്യവംശിയ്ക്ക് സാധിച്ചു.

അങ്ങനെ 13 വർഷവും 188 ദിവസവും പ്രായമുള്ളപ്പോൾ സൂര്യവംശി ഒരു റെക്കോർഡ് സ്വന്തമാക്കുകയുണ്ടായി യൂത്ത് ലെവലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്താൻ താരത്തിന് സാധിച്ചു.  ഇതോടെ 170 വർഷം നീണ്ടുനിന്ന റെക്കോർഡാണ് സൂര്യവംശി തന്റെ പതിമൂന്നാം വയസ്സിൽ തകർത്തെറിഞ്ഞത്.

58 പന്തുകളിലായിരുന്നു സൂര്യവംശി പ്രസ്തുത സെഞ്ചുറി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ താരം മൊയിൻ അലിക്ക് പിന്നാലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായി ഇതുമാറി. ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകൾ തകർത്തെറിഞ്ഞ ശേഷമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് സൂര്യവംശി എത്തിയിരിക്കുന്നത്.

Previous article“ഞാനായിരുന്നെങ്കിൽ അവന് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം കൊടുത്തേനെ”. ബുംറ പറയുന്നു.
Next articleവാർണർ മുതൽ പൃഥ്വി ഷാ വരെ. ലേലത്തിൽ ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ.