20 ലക്ഷം അടിസ്ഥാനവില, ചെന്നൈ സ്വന്തമാക്കിയത് 8.40 കോടിക്ക്. ആരാണ് റിസ്വി എന്ന വെടിക്കെട്ട് വീരൻ?.

sameernrizvi

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശുകാരനായ സമീർ റിസ്വി. ഐപിഎൽ ലേലത്തിന് മുൻപ് പലരും കേട്ടിട്ടില്ലാത്ത പേരായിരുന്നു സമീറിന്റെത്. എന്നാൽ 2024 ഐപിഎല്ലിൽ 20 ലക്ഷം രൂപ അടിസ്ഥാനവില കൽപ്പിച്ചിരുന്ന താരത്തെ 8.40 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് സമീർ റിസ്വി. അതുകൊണ്ടു തന്നെയാണ് മഞ്ഞപ്പട സമീറിനെ വിടാതെ പിന്തുടർന്നത്. എന്തായാലും സമീറിന്റെ ലേലത്തുക കേട്ട് ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾ പോലും അത്ഭുതപ്പെട്ടിരിക്കുന്നു. ആരാണ് സമീർ റിസ്വി എന്ന് പരിശോധിക്കാം.

ആഭ്യന്തര ക്രിക്കറ്റിൽ വെടിക്കെട്ട് തീർത്തിട്ടുള്ള ഒരു മധ്യനിര ബാറ്ററാണ് സമീർ റിസ്വി. അണ്ടർ 23 ലിസ്റ്റ് ക്രിക്കറ്റിൽ കേവലം 6 ഇന്നിങ്സുകളിൽ നിന്ന് ഈ യുവതാരം നേടിയിട്ടുള്ളത് 454 റൺസാണ്. 29 ബൗണ്ടറികളും 37 സിക്സറുകളുമാണ് ഈ യുവതാരത്തിന്റെ സമ്പാദ്യം. 9 ട്വന്റി20 ഇന്നിംഗ്സുകളിൽ നിന്ന് റിസ്വി നേടിയത് 485 റൺസ്. ഇതിൽ 35 ബൗണ്ടറികളും 38 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു.

എല്ലാ ലീഗിലും ബൗണ്ടറികളേക്കാൾ കൂടുതൽ സിക്സറുകളാണ് റിസ്വി നേടിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സ് റിസ്വിക്കായി പൊരുതിയത്. തമിഴ്നാട് താരമായ ഷാരൂഖ് ഖാൻ എന്നൊരു ഓപ്ഷൻ ചെന്നൈയ്ക്ക് മുൻപിലുണ്ടായിരുന്നു. എന്നാൽ ഈ യുവതാരത്തെയാണ് ഫ്ലെമിങ്ങും ധോണിയും അടക്കം ലക്ഷ്യമിട്ടത്.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

മൈതാനത്ത് ബാറ്റിംഗ് വെടിക്കെട്ടുകൾ തീർത്ത പാരമ്പര്യം മാത്രമാണ് സമീർ റിസ്വയ്ക്ക് ഉള്ളത്. തന്റെ ഇരുപതാം വയസ്സിൽ തന്നെ വലംകൈയ്യൻ സുരേഷ് റെയ്ന എന്ന പേര് നേടിയെടുക്കാൻ ഈ താരത്തിന് സാധിച്ചു. പ്രധാനമായും സ്പിൻ ബോളർമാരെ ആക്രമിച്ചാണ് റിസ്വി തന്റെ കരിയർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഉത്തർപ്രദേശിലെ ട്വന്റി20 ലീഗിൽ ഏറ്റവും വേഗതയിൽ സെഞ്ച്വറി സ്വന്തമാക്കിയ താരം എന്ന റെക്കോർഡും ഈ 20കാരന്റെ പേരിലാണ്. ട്വന്റി20 ക്രിക്കറ്റിലെ ഈ യുവതാരത്തിന്റെ സ്ട്രൈക്ക് റേറ്റ് 134.70 ആണ്. 49 റൺസ് ശരാശരിയിലാണ് റിസ്വി തന്റെ കരിയർ പടുത്തുയർത്തിയത്. അതുകൊണ്ടു തന്നെയാണ് ചെന്നൈ ഈ താരത്തിൽ നിന്ന് വലിയൊരു വെടിക്കെട്ട് പ്രതീക്ഷിക്കുന്നത്.

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റിസ്വിക്കായി ആദ്യം രംഗത്ത് വന്നത് ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയായിരുന്നു. പിന്നീട് ഗുജറാത്ത് ടൈറ്റൻസ് രംഗത്ത് വരികയും ലേലം മുറുകുകയും ചെയ്തു. എത്ര വില കൊടുത്തും റിസ്വിയെ സ്വന്തമാക്കുക എന്നതായിരുന്നു ചെന്നൈയുടെ ലക്ഷ്യം. എന്നാൽ ഇതിനിടയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് റിസ്വിക്കായി രംഗത്ത് വന്നു. പക്ഷേ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്ന ചെന്നൈ 8.4 കോടി രൂപയ്ക്ക് ഈ യുവതാരത്തെ ടീമിലെത്തിച്ചു. എന്തായാലും 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷയുള്ള ഒരു താരമായി റിസ്വി മാറിയിട്ടുണ്ട്.

Scroll to Top