റിഷഭ് പന്തിന്റെ ഇരട്ടി പ്രഹരശേഷി സഞ്ജുവിനുണ്ട്. എന്നിട്ടും സെലക്ടർമാർ അവനെ ഒഴിവാക്കും. ഷോൺ പൊള്ളൊക്ക് പറയുന്നു.

ജോഹന്നാസ്ബർഗിൽ നടന്ന അവസാന ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ മലയാളി താരം സഞ്ജു സാംസണ് പ്രശംസകളുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ഷോൺ പൊള്ളോക്കാണ്.

മുമ്പ് ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി കളിച്ചിരുന്ന റിഷഭ് പന്തിന്റെ റെക്കോർഡുകളുമായി, സഞ്ജുവിന്റെതിനെ താരതമ്യം ചെയ്താണ് പൊള്ളോക്ക് സംസാരിച്ചത്. ഇരു താരങ്ങളെയും താരതമ്യം ചെയ്യുമ്പോൾ സഞ്ജുവാണ് മികച്ചത് എന്ന് കണ്ണ് തുറന്നു കാണുന്ന എല്ലാവർക്കും മനസ്സിലാവും എന്നാണ് പൊള്ളോക്ക് പറയുന്നത്.

ഇരു താരങ്ങളുടെയും ട്വന്റി20 മത്സരങ്ങളിലെ കണക്കുകൾ കൃത്യമായി വെളിപ്പെടുത്തിയാണ് പൊള്ളോക്ക് സംസാരിച്ചത്. “ഇതുവരെ റിഷഭ് പന്ത് 76 ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാൻ പന്തിന് സാധിച്ചിട്ടില്ല. എന്നാൽ പകുതി മത്സരങ്ങൾ മാത്രമാണ് ഇവിടെ സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതുവരെ അവൻ 3 സെഞ്ച്വറികൾ സ്വന്തമാക്കി കഴിഞ്ഞു. മാത്രമല്ല അവസാന 5 മത്സരങ്ങളിലാണ് സഞ്ജു ഈ മൂന്ന് സെഞ്ച്വറികൾ നേടിയത് എന്ന് ഓർക്കണം. റിഷഭ് പന്തിനേക്കാൾ ഇരട്ടി വേഗത്തിൽ ആക്രമിക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ എന്ന് എല്ലാവർക്കും മനസ്സിലാവും. എന്നിട്ടും പന്തിനെയാണ് സെലക്ടർമാർ പലപ്പോഴും പിന്തുണച്ചത്.”- പൊള്ളോക്ക് പറയുകയുണ്ടായി

ഇതുവരെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ 76 മത്സരങ്ങൾ കളിച്ച പന്ത് 23.25 എന്ന ശരാശരിയിലാണ് ബാറ്റിംഗ് ചെയ്തിട്ടുള്ളത്. 127.4 എന്ന സ്ട്രൈക്ക് റേറ്റ് ആണ് പന്തിന് ട്വന്റി20കളിലുള്ളത്. 76 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച പന്തിന് കേവലം 3 അർദ്ധ സെഞ്ച്വറികൾ മാത്രമാണ് നേടാൻ സാധിച്ചത്. അതേസമയം കേവലം 37 ട്വന്റി20 മത്സരങ്ങൾ കളിച്ച സഞ്ജു എല്ലാ കാര്യത്തിലും പന്തിനേക്കാൾ മുകളിലാണ്. 155.2 എന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. 3 സെഞ്ച്വറികളും 2 അർദ്ധസെഞ്ച്വറികളും ഇന്ത്യയ്ക്കായി നേടാൻ സഞ്ജുവിന് സാധിച്ചു. 810 റൺസാണ് ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു ഇതുവരെ ഇന്ത്യക്കായി നേടിയിട്ടുള്ളത്.

കഴിഞ്ഞ മത്സരങ്ങളിലെ സഞ്ജു സാംസന്റെ മനോഭാവത്തെ വളരെ വലിയ പ്രശംസകളോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ഒന്നുകിൽ വിക്കറ്റ്, അല്ലെങ്കിൽ സെഞ്ച്വറി എന്ന മനോഭാവം പുലർത്തുന്ന സഞ്ജുവിനെ ഒരുപാട് ആരാധകർ പ്രശംസിക്കുകയുണ്ടായി. മൈതാനത്തേത്തി ആദ്യ ബോൾ മുതൽ തന്റേതായ രീതിയിൽ ആക്രമണം അഴിച്ചുവിടാനാണ് സഞ്ജു ശ്രമിക്കുന്നത് എന്ന് ആരാധകർ പറയുന്നു. എന്നിരുന്നാലും വരും മത്സരങ്ങളിൽ സഞ്ജു കുറച്ചുകൂടി സ്ഥിരത കണ്ടെത്താൻ ശ്രമിക്കണം എന്നാണ് ആരാധകരുടെ പക്ഷം.

Previous article2 മത്സരങ്ങളിൽ ഡക്ക് ആയപോളും ആത്മവിശ്വാസം കൈവിട്ടില്ല. ഇനിയും അത് തുടരും. സഞ്ജു സാംസൺ പറയുന്നു.