പഞ്ചാബിൽ അവസരം കിട്ടിയില്ല, പക്ഷേ മുംബൈ റാഞ്ചി. കൊൽക്കത്തയെ ഞെട്ടിച്ച അശ്വനി കുമാർ ആര്? Details

മുംബൈ ഇന്ത്യൻസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരായ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് യുവതാരം അശ്വനി കുമാർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ തനിക്ക് ലഭിച്ച ആദ്യ അവസരത്തിൽ തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി റെക്കോർഡുകൾ നേടാൻ താരത്തിന് സാധിച്ചു.

ഐപിഎൽ ചരിത്രത്തിൽ തന്നെ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് ഇതോടെ അശ്വനി കുമാർ തന്റെ പേരിൽ ചേർത്തു. മത്സരത്തിൽ കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെയെ ആദ്യ പന്തിൽ പുറത്താക്കിയായിരുന്നു അശ്വനി കുമാർ ആരംഭിച്ചത്.

ഇതിന് പിന്നാലെ റിങ്കൂ സിങ്, മനീഷ് പാണ്ഡെ, ആൻഡ്ര റസൽ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ആരാണ് അശ്വിനികുമാർ എന്ന് പരിശോധിക്കാം. മൊഹാലിയിൽ ജനിച്ച അശ്വനി കുമാർ വാർത്തകളിൽ സജീവമായത് ഷെർ-ഇ-പഞ്ചാബ് ട്വന്റി20 ടൂർണമെന്റിലൂടെയായിരുന്നു. അവസാന ഓവറുകളിലെ ബോളിംഗ് മികവാണ് അശ്വനി കുമാറിനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തിയത്. ശേഷമാണ് 2025 മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് താരത്തെ 30 ലക്ഷം രൂപയ്ക്ക് തങ്ങളുടെ ടീമിൽ എത്തിച്ചത്. 2024ൽ പഞ്ചാബ് കിംഗ്സ് ടീമിൽ ഇടംപിടിക്കാൻ അശ്വിനിക്ക് സാധിച്ചിരുന്നു. എന്നാൽ ഫ്രാഞ്ചൈസിക്കായി ഒരു മത്സരം പോലും താരം കളിച്ചില്ല.

2022ലെ സൈദ് മുഷ്തഖ്‌ അലി ട്രോഫിയിലൂടെയാണ് അശ്വനി കുമാർ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവ സാന്നിധ്യമായി മാറിയത്. ടൂർണമെന്റിൽ പഞ്ചാബിനായി 4 മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചു. 3 വിക്കറ്റുകളാണ് താരം ഇവിടെ സ്വന്തമാക്കിയത്. ഇതിനുശേഷം 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 4 ലിസ്റ്റ് എ മത്സരങ്ങളും പഞ്ചാബിനായി കളിക്കാനും താരത്തിന് അവസരം ലഭിച്ചു. ശേഷമാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് ടീമിനായി തകർപ്പൻ അരങ്ങേറ്റം ഐപിഎല്ലിൽ താരം കാഴ്ച വച്ചിരിക്കുന്നത്. 24 റൺസ് മാത്രം വിട്ടു നൽകിയിരുന്നു അശ്വിനി 4 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കിയത്.

മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പൂർണമായും എറിഞ്ഞിടാൻ അശ്വനി കുമാറിന് സാധിച്ചു. മറ്റ് മുംബൈ ബോളർമാരും തകർപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ ശക്തരായ കൊൽക്കത്തയുടെ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. 26 റൺസ് നേടിയ രഘുവംശി മാത്രമാണ് കൊൽക്കത്ത ടീമിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. അവസാന ഓവറുകളിൽ രമൺദ്വീപ് പരമാവധി ശ്രമിക്കുകയുണ്ടായി. പക്ഷേ കേവലം 116 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഓൾഔട്ട് ആവുകയാണ് ഉണ്ടായത്.

Previous articleചെന്നൈയ്ക്കെതിരെ ത്രില്ലിംഗ് വിജയം നേടി രാജസ്ഥാൻ., 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.