ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ മലയാളി തരം സഞ്ജു സാംസനെ ഉൾപ്പെടുത്താത്തതിനെ ചോദ്യംചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഉൾപ്പെടുത്താത്തത് ദൗർഭാഗ്യം തന്നെയാണെന്ന് ആകാശ് ചോപ്ര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര പ്രതികരണം അറിയിച്ചിരിക്കുന്നത്.
ശ്രേയസ് അയ്യർ പരിക്കുമൂലം സ്ക്വാഡിന് പുറത്തിരിക്കുന്നതിനാൽ തന്നെ പകരക്കാരനായി ഇന്ത്യ സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് ആകാശ് ചൊപ്രയുടെ വാദം. “രോഹിത് ശർമ ആദ്യ മത്സരത്തിൽ കളിക്കുന്നില്ല. ശ്രേയസ് അയ്യർ മുഴുവൻ പരമ്പരയിൽ നിന്നും മാറി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു. ഒരു കീപ്പർ എന്ന നിലയിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നല്ല ഞാൻ സംസാരിക്കുന്നത്. ആ തസ്തികയിലേക്ക് ഇഷാനും കെ എൽ രാഹുലുമുണ്ട്”- ആകാശ് ചോപ്ര പറയുന്നു.
“കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി കളിച്ചപ്പോഴൊക്കെയും ഏകദിനങ്ങളിൽ മികച്ച പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. അതിനാൽതന്നെ ഇത്തരത്തിൽ ഒരു സ്ലോട്ട് ഒഴിഞ്ഞുകിടക്കുമ്പോൾ സഞ്ജു തീർച്ചയായും ടീമിലേക്ക് തിരികെ വരേണ്ടതായിരുന്നു. ശ്രേയസ് അയ്യർക്ക് പകരക്കാരനായി ടീമിൽ സഞ്ജു സ്ഥാനം അർഹിക്കുന്നുണ്ട്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.