കോഹ്ലിയും രോഹിതും തിരിച്ചെത്തി, പക്ഷേ കെഎൽ രാഹുലെവിടെ? ട്വന്റി20യിലെ ‘രാഹുൽ അധ്യായം’ അവസാനിക്കുന്നോ??

KL RAHUL

ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന കുട്ടി ക്രിക്കറ്റ് പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരെ നടക്കാൻ പോകുന്നത്. അതിനാൽ തന്നെ ഈ പരമ്പരക്ക് വലിയ രീതിയിലുള്ള പ്രാധാന്യമുണ്ട്. പരമ്പരക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും അടക്കമുള്ള താരങ്ങൾ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

എന്നാൽ മറ്റൊരു സീനിയർ താരമായ കെഎൽ രാഹുൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ അണിനിരക്കില്ല. ഇതേ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്തുകൊണ്ടാണ് രോഹിതും കോഹ്ലിയും ടീമിലേക്ക് തിരികെയെത്തിയിട്ടും രാഹുലും ഇഷാൻ കിഷാനും ടീമിലെത്താത്തത് എന്നതിനെ സംബന്ധിച്ചാണ് ആരാധകർക്കിടയിൽ വലിയ ആശങ്ക നിൽക്കുന്നത്.

ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും മധ്യനിര ബാറ്ററായി കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് മുൻപ് കെഎൽ രാഹുൽ പറഞ്ഞിരുന്നു. ശേഷം സമീപകാലത്തും ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ രാഹുലിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും രാഹുൽ മികവ് പുലർത്തിയിരുന്നു.

എന്നാൽ ട്വന്റി20 ടീമിൽ ഒരു സ്ഥാനം കണ്ടെത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടു. കോഹ്ലിയെയും രോഹിത്തിനെയും പോലെ തന്നെ രാഹുലും അവസാനമായി ട്വന്റി20 അന്താരാഷ്ട്ര മത്സരം കളിച്ചത് 2022ലാണ്. ഇപ്പോൾ ഏകദിന ലോകകപ്പിന് ശേഷം തുടർച്ചയായി 3 ട്വന്റി20 പരമ്പരകളും രാഹുലിന് നഷ്ടമായി കഴിഞ്ഞു. പ്രധാനമായും മധ്യനിരയിൽ ആക്രമണപരമായ ബാറ്റിംഗ് ശൈലി ഇല്ലാത്തതാണ് രാഹുലിന്റെ ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടപ്പെടാൻ കാരണമെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

നിലവിൽ ഇന്ത്യയ്ക്ക് മധ്യനിരയിൽ തിലക് വർമ, റിങ്കൂ സിംഗ് തുടങ്ങിയ വമ്പൻ വെടിക്കെട്ട് താരങ്ങളുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഇവരിൽ നിന്ന് വ്യത്യസ്തനായ ഒരു ബാറ്ററാണ്. രാഹുൽ ക്രീസിൽ തന്റെ സമയം ചിലവഴിച്ചതിന് ശേഷം മാത്രമാണ് ആക്രമണം അഴിച്ചു വിടാറുള്ളത്. അതുകൊണ്ടു തന്നെയാവണം ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് രാഹുലിനെ മാറ്റിനിർത്തിയത്.

മാത്രമല്ല യുവതാരങ്ങളെ കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കി ലോകകപ്പിന് മുൻപ് സജ്ജമാക്കുക എന്നതും ഇന്ത്യയുടെ മുൻപിലുള്ള ലക്ഷ്യമാണ്. ഇക്കാരണം കൊണ്ട് തന്നെ 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗ് രാഹുലിനെ സംബന്ധിച്ച് വലിയൊരു ഘടകമായിരിക്കും. ലക്നൗ ടീമിനായി മധ്യനിരയിൽ വെടിക്കെട്ട് കാഴ്ചവെച്ചാൽ മാത്രമേ രാഹുലിന് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിൽ കളിക്കാൻ സാധിക്കൂ.

മറുവശത്ത് ഇഷാൻ കിഷൻ സമീപകാലത്ത് ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്കായി മികവ് പുലർത്തിയിട്ടുള്ള ബാറ്ററാണ്. മുൻനിരയിൽ ഇന്ത്യക്കായി വെടിക്കെട്ട് തീർക്കാൻ കിഷന് എല്ലായിപ്പോഴും സാധിക്കും. എന്നാൽ അഫ്ഗാനെതിരായ പരമ്പരയിൽ നിന്ന് ഇന്ത്യ കിഷനെയും മാറ്റിനിർത്തിയിട്ടുണ്ട്.

മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇഷാൻ കിഷൻ മാറി നിന്നിരുന്നു. തന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറിനിൽക്കുന്നത് എന്നും ഇഷൻ കിഷാൻ ബോധിപ്പിച്ചിട്ടുണ്ട്. എന്തായാലും വലിയ മാറ്റങ്ങൾക്ക് തന്നെയാണ് ഇന്ത്യൻ ടീം നിലവിൽ തയ്യാറായിരിക്കുന്നത്.

Scroll to Top