ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യന്‍സ് ബോളിംഗ് തിരഞ്ഞെടുത്തു. മുംബൈ ഒരു മാറ്റം വരുത്തിയപ്പോള്‍ കൊല്‍ക്കത്ത അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് മത്സരത്തിനിറങ്ങിയത്. മുംബൈ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപ് സിംഗ് ടീമിലെത്തി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സൂര്യകുമാറിന് നഷ്ടമാകും. കൊല്‍ക്കത്തയില്‍ അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ഷെല്‍ഡന്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പ്ലേയിങ്ങ് ഇലവനിലെത്തി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗില്‍ അജിങ്ക്യ രഹാനയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 5.4 ഓവറില്‍ 60 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 24 പന്തില്‍ 43 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ നേടിയത്.
തുടര്‍ന്ന് എത്തിയ നിതീഷ് റാണ കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചു. അതിനിടെ മത്സരത്തില്‍ രസകരമായ സംഭവം അരങ്ങേറി. ഒന്‍പതാം ഓവറില്‍ കാര്‍ത്തികയേയെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ നിതീഷ് റാണ ശ്രമിച്ചെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്തില്ലാ.
പന്ത് ഇഷാന്‍ കിഷന്‍റെ മുന്‍പില്‍ കൂടി പോയിട്ടും താരത്തിനു അത് കാണാന്‍ സാധിച്ചില്ലാ. ബോളര്‍ ചൂണ്ടികാണിച്ചെങ്കിലും ഇഷാന്‍ കിഷനു ഒന്നും മനസ്സിലായതുമില്ലാ. പന്ത് തേര്‍ഡ് മാനിലേക്ക് പോയതോടെ അജിങ്ക്യ രഹാന സിംഗിളിനായി വിളിക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്തു.
മെഗാ ലേലത്തിനു മുന്നോടിയായി 15.25 കോടി രൂപക്കാണ് ഇഷാന്‍ കിഷനെ മുംബൈ സ്വന്തമാക്കിയത്.