നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മാത്രമാണ് ഹർദിക് പാണ്ഡ്യ കളിച്ചു കൊണ്ടിരിക്കുന്നത്. 2018 ന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ പോലും താരം കളിച്ചിട്ടില്ല. ദീർഘനാൾ പരിക്കിന്റെ പിടിയിലായിരുന്ന താരം ഐപിഎല്ലിലൂടെയായിരുന്നു കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കും താരം തിരിച്ചെത്തി. എന്നാൽ ഇതുവരെയും ടെസ്റ്റ് ടീമിലേക്ക് താരത്തെ പരിഗണിച്ചിട്ടില്ല.
ഇപ്പോഴിതാ ടെസ്റ്റിലെ തൻ്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹർദിക് പാണ്ഡ്യ.സമയമാകുമ്പോൾ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് താരം പറഞ്ഞത്.”നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തീരുമാനം. പ്രാധാന്യം നൽകുന്നത് അതിനാണ്. ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് ശരിയായ സമയം വരുമ്പോൾ ചിന്തിക്കും.”-ഹർദിക് പാണ്ഡ്യ പറഞ്ഞു.
11 ടെസ്റ്റ് മത്സരങ്ങളാണ് താരം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഗാലയിൽ 2017 ശ്രീലങ്കക്കെതിരെ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. അടുത്ത വർഷം 2018 ഇംഗ്ലണ്ടിനെതിരെയാണ് താരം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. 18 ഇന്നിങ്സുകളിൽ നിന്നും 532 റൺസ് ആണ് താരം നേടിയിട്ടുള്ളത്. നാല് അർദ്ധ സെഞ്ചുറിയും ഒരു സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും.
ശ്രീലങ്കയ്ക്കെതിരായ അരങ്ങേറ്റ പരമ്പരയിൽ ആയിരുന്നു ആ സെഞ്ചുറി. 108 റൺസ് ആയിരുന്നു അന്ന് ഹർദിക് നേടിയത്. 17 വിക്കറ്റുകളാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഒരു തവണ 5 വിക്കറ്റ് നേട്ടവും താരം കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം ഈ മാസം ഒമ്പതിനാണ് ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കേണ്ടതിനാൽ ഇന്ത്യയ്ക്ക് ഈ പരമ്പര നിർണായകമാണ്.