2011 ലോകകപ്പിൽ യുവരാജ് നൽകിയത്, ഈ ലോകകപ്പിൽ ഹർദിക്കിന് നൽകാൻ സാധിക്കും : ശ്രീശാന്ത്

അങ്ങേയറ്റം രാജകീയമായ രീതിയിലാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഒരു പരാജയം പോലും അറിയാതെയാണ് ഇന്ത്യ കുതിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 24 റൺസിന്റെ വിജയം സ്വന്തമാക്കിയായിരുന്നു സെമിയിലേക്കുള്ള ഇന്ത്യയുടെ ഗ്രാൻഡ് എൻട്രി.

ഇതിനു ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. 2011 ഏകദിന ലോകകപ്പിൽ യുവരാജ് സിംഗ് ഇന്ത്യയ്ക്കായി നടത്തിയ നിർണായക പ്രകടനങ്ങൾ ഇത്തവണത്തെ ലോകകപ്പിൽ ഹർദിക് പാണ്ഡ്യക്കും നടത്താൻ സാധിക്കുമെന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനങ്ങളായിരുന്നു ഹർദിക് പാണ്ഡ്യ കാഴ്ചവച്ചത്. അതിന് ശേഷം പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഇതുവരെ മികച്ച പ്രകടനങ്ങളുമായാണ് ഹർദിക് പാണ്ഡ്യ എല്ലാത്തിനും മറുപടി നൽകിയത്.

ഐപിഎല്ലിൽ നഷ്ടമായ ഫോം ട്വന്റി20 ലോകകപ്പിൽ വീണ്ടെടുക്കാൻ ഹർദിക്കിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഈ ലോകകപ്പിൽ 116 റൺസാണ് ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയത്. 8 വിക്കറ്റുകളും ഇന്ത്യയ്ക്കായി നേടാൻ താരത്തിന് സാധിച്ചു. ഇതിന് ശേഷമാണ് പാണ്ഡ്യയെ പ്രശംസിച്ചുകൊണ്ട് ശ്രീശാന്ത് രംഗത്തെത്തിയത്.

“കഴിഞ്ഞ മത്സരത്തിന് ശേഷം ഹർദിക് പാണ്ഡ്യയെപ്പറ്റി രോഹിത് സംസാരിക്കുകയുണ്ടായി. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരു നിർണായക താരമാണ് ഹർദിക് പാണ്ഡ്യ എന്നാണ് രോഹിത് പറഞ്ഞത്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് യുവരാജ് സിംഗ്.”

“2024 ട്വന്റി20 ലോകകപ്പിൽ അന്ന് യുവരാജ് സിംഗ് ചെയ്തത് ഹർദിക് പാണ്ഡ്യയ്ക്കും ചെയ്യാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇത്തരത്തിൽ രോഹിത് ഇത്തവണ ട്വന്റി20 കിരീടം ഉയർത്തിയാലും ആർക്കുംതന്നെ ഒരു അത്ഭുതവും ഉണ്ടാവില്ല.”- ശ്രീശാന്ത് പറയുന്നു.

ഓസ്ട്രേലിയക്കെതിരായ സൂപ്പർ 8 മത്സരത്തിലും തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. 17 പന്തുകൾ മത്സരത്തിൽ നേരിട്ട പാണ്ഡ്യ 27 റൺസ് നേടി പുറത്താവാതെ നിന്നു. ഇത് ഓസ്ട്രേലിയക്കെതിരെ മികച്ച ഒരു സ്കോറിലെത്താൻ ഇന്ത്യയ്ക്ക് സഹായകരമായി മാറി.

ഇത്തരത്തിൽ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും നിർണായകമായ സംഭാവനകൾ പാണ്ഡ്യ ടീമിന് നൽകിയിട്ടുണ്ട്. ജൂൺ 27ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനൽ മത്സരം നടക്കുക. മത്സരത്തിൽ ഒരു വിജയം സ്വന്തമാക്കി ഫൈനലിന് തയ്യാറാവാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Previous articleരോഹിത് ലോക നിലവാരമുള്ള ബാറ്റർ. തടുക്കാൻ പ്രയാസമാണ് : ജോഷ് ഹേസല്‍വുഡ്
Next articleജഡേജയെ ആരും ചോദ്യം ചെയ്യേണ്ട. ഫീൽഡിൽ 30 റൺസ് ഇതുവരെ അവൻ സേവ് ചെയ്തു. പിന്തുണയുമായി സുനിൽ ഗവാസ്കർ.