2024 സഞ്ജു സാംസണെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി 3 സെഞ്ച്വറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ട്രോഫിയും ഐപിഎല്ലും പോലെയുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുമ്പോൾ സഞ്ജുവിന് ഇനിയും അവസരങ്ങൾ ഉണ്ടാവുമെന്നത് ഉറപ്പാണ്.
എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് സഞ്ജു സാംസൺ തഴയപ്പെടാനുള്ള സാധ്യതകൾ വളരെ വലുതായിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ആയ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിൽ നിലവിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. തുടർച്ചയായി മത്സരം കളിക്കുന്നതിനാൽ തന്നെ അല്പം ഇടവേള എടുക്കാൻ തീരുമാനിച്ചതിനാലാണ് ടൂർണമെന്റിൽ നിന്ന് സഞ്ജു വിട്ടുനിൽക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷേ ഈ തീരുമാനം വളരെ തെറ്റായിരുന്നു എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം ആകാശ് ചോപ്ര.
ചാമ്പ്യൻസ് ട്രോഫി വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നത് സഞ്ജുവിന്റെ ഭാവിയെ ബാധിക്കും എന്നാണ് ആകാശ് കരുതുന്നത്. “ഇത് സഞ്ജുവിനെ പറ്റി സംസാരിക്കേണ്ട സമയമാണ്. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ അവൻ കളിക്കുന്നില്ല. എന്തുകൊണ്ടാണ് അവൻ ഇത്തരമൊരു തീരുമാനം എടുത്തത് എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും. വയനാട് നടന്ന കേരള ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിന് പിന്നാലെയാണ് സഞ്ജുവിനെ ഇത്തരത്തിൽ കേരള ടീം തഴഞ്ഞിരിക്കുന്നത്. ഇതാണ് കാരണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് വ്യക്തമാക്കിയത്. ചില ആരാധക ഗ്രൂപ്പുകൾ പറയുന്നത് സഞ്ജുവിന്റെ കാലിന് പരിക്കേറ്റതിനാലാണ് വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് മാറി നിൽക്കുന്നത് എന്നാണ്.”- ആകാശ് ചോപ്ര പറഞ്ഞു.
“എന്തു കാരണം കൊണ്ടായാലും നിലവിലെ കേരള ടീമിൽ സഞ്ജു ഇടംപിടിച്ചിട്ടില്ല. സഞ്ജുവിനെ പോലെ ഒരു താരത്തെ സംബന്ധിച്ച് വിജയ് ഹസാരെ ട്രോഫി വളരെ നിർണായകമായ ഒരു ടൂർണമെന്റ് ആയിരുന്നു. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി 3 സെഞ്ച്വറികൾ സ്വന്തമാക്കിയതോടെ സഞ്ജുവിന്റെ അടുത്ത ലക്ഷ്യം ഏകദിന ക്രിക്കറ്റ് തന്നെയാണ്. ഇന്ത്യയുടെ ഏകദിന ടീമിൽ റിഷഭ് പന്ത് അങ്ങനെ ഒരു അഭിവാജ്യ ഘടകം ഒന്നുമല്ല. അതുകൊണ്ടു തന്നെ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ സഞ്ജുവിന് ഏകദിന ടീമിൽ സജീവമാകാൻ സാധിക്കുമായിരുന്നു. അല്ലാത്തപക്ഷം സഞ്ജുവിന് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഭാഗമാകാൻ മറ്റു വഴികൾ ഒന്നുമില്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
“സഞ്ജുവിന് മുന്നിൽ ഉണ്ടായിരുന്നത് ഒരു സുവർണാവസരം തന്നെയായിരുന്നു. നിലവിൽ രാഹുൽ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ മോശം ഫോമിലാണ്. പന്തിന്റെ ഏകദിനത്തിലെ റെക്കോർഡുകളും അത്ര മികച്ചത് എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയാൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് കയറി പറ്റാമായിരുന്നു. ഇപ്പോഴും ഏകദിന ക്രിക്കറ്റിൽ 56 റൺസിന് മുകളിൽ ശരാശരിയുള്ള താരമാണ് സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ അണിനിരന്നിരുന്നുവെങ്കിൽ സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിച്ചേനെ. ഈ അവസരമാണ് സഞ്ജു ഇല്ലാതാക്കിയത്.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.