മുൻപ് ഒരുപാട് തവണ ഇന്ത്യൻ ടീമിൽ അവഗണനകൾ നേരിട്ടെങ്കിലും സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയോടെയായിരുന്നു സഞ്ജു കളംനിറഞ്ഞത്.
ഇപ്പോൾ നിശ്ചിത ഓവർ ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷനെ പറ്റിയാണ് സഞ്ജു സാംസൺ സംസാരിക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന ഓപ്പണർമാർക്ക് വിശ്രമം നൽകിയ സാഹചര്യത്തിലായിരുന്നു സഞ്ജുവിനെ ഇന്ത്യ ഓപ്പണറായി പരിഗണിച്ചത്. പക്ഷേ മികച്ച പ്രകടനം ഓപ്പണിംഗിൽ കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചു. ശേഷമാണ് ഇപ്പോൾ സഞ്ജു തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷനെ പറ്റി സംസാരിക്കുന്നത്.
പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ വിമൽ കുമാർ സഞ്ജുവുമായി നടത്തിയ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യം ഉയർന്നത്. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷൻ ഏതാണ് എന്ന ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെയാണ്.
“എത്ര വേഗം മൈതാനത്തിറങ്ങി ബാറ്റ് ചെയ്യാൻ സാധിക്കുമോ, അത്രയും നല്ലത് എന്നാണ് ഞാൻ കരുതുന്നത്”. സഞ്ജുവിന്റെ ഈ മറുപടി വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എത്രയും വേഗം മൈതാനത്തെത്താനും ഏറ്റവുമധികം ഓവറുകൾ ബാറ്റ് ചെയ്യാനും സഞ്ജു ആഗ്രഹിക്കുന്നു എന്നത് ഇതിൽ നിന്ന് ഉറപ്പാണ്. അതായത് മുൻനിരയിൽ തന്നെ കളിക്കാനാണ് തനിക്ക് ആഗ്രഹം എന്ന് സഞ്ജു തുറന്നു പറഞ്ഞിരിക്കുന്നു.
ബംഗ്ലാദേശിനെതിരായ 3 ട്വന്റി20 മത്സരങ്ങളിലും സഞ്ജുവിന് ഓപ്പണറായി ബാറ്റ് ചെയ്യാൻ സാധിച്ചു. ആദ്യ 2 മത്സരങ്ങളിലും വലിയ വിജയമുണ്ടാക്കാൻ സഞ്ജുവിന് സാധിച്ചില്ല. ആദ്യ മത്സരത്തിൽ 19 പന്തുകളിൽ 29 റൺസ് നേടിയ സഞ്ജു ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി.
എന്നാൽ രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ഇതിന് പിന്നാലെ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടു. ടീമിനുള്ളിൽ നിന്ന് തന്നെ സഞ്ജുവിന് വലിയ സമ്മർദ്ദവുമുണ്ടായി ശേഷമാണ്. 47 പന്തുകളിൽ 111 റൺസുമായാണ് സഞ്ജു റെക്കോർഡുകൾ ഭേദിച്ചത്.
മുൻപ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ പന്തായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിന് ടൂർണമെന്റിലെ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല.
പക്ഷേ ലോകകപ്പിന് ശേഷം രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെയാണ് സഞ്ജു അടക്കമുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കെതിരെ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഇത്തരത്തിൽ മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.