172 എന്നത് വലിയ വിജയലക്ഷ്യം ആയിരുന്നില്ല. എന്തുകൊണ്ടാണ് തോറ്റത് ? സഞ്ജു പറയുന്നു.

sanju and parnell

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 112 റൺസിന്റെ ദയനീയമായ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾക്ക് ഏകദേശം അവസാനമായിട്ടുണ്ട്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 172 എന്ന വിജയലക്ഷ്യം തങ്ങൾക്ക് മറികടക്കാൻ സാധിക്കുമായിരുന്നു എന്നാണ് മത്സരശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പറഞ്ഞത്. ചിട്ടയില്ലാത്ത ബാറ്റിംഗാണ് മത്സരത്തിൽ രാജസ്ഥാന് പരാജയം സമ്മാനിച്ചത് എന്നാണ് സഞ്ജുവിന്റെ പക്ഷം. ഇതോടൊപ്പം രാജസ്ഥാൻ ബാറ്റിംഗ് മുൻനിരയുടെ പരാജയവും സഞ്ജു ഉയർത്തി കാട്ടുകയുണ്ടായി.

“2023 ഐപിഎൽ സീസണിൽ ഞങ്ങളുടെ ബാറ്റിംഗിലെ മുൻനിര കുറച്ചധികം റൺസ് നേടുകയുണ്ടായി. എന്നാൽ ഞങ്ങൾക്ക് അത് തുടരാൻ ഇന്ന് സാധിച്ചില്ല. പവർപ്ലെയിൽ ഞങ്ങൾ ആക്രമിച്ചു തന്നെയാണ് കളിച്ചിരുന്നത്. ഇന്ന് ഞങ്ങൾക്കതും സാധിച്ചില്ല. പിച്ചിന് മത്സരത്തിൽ വലിയ പങ്കുണ്ടായിരുന്നു. വളരെ സ്ലോ ആയിട്ടാണ് പന്ത് ബാറ്റിൽ എത്തിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പവർപ്ലെയിൽ ആക്രമിച്ചു കളിക്കേണ്ടത് അനിവാര്യമായിരുന്നു. ഞാനും ജയസ്വാളും ബട്ലറും ഈ സീസണിൽ പൂർണമായും കളിച്ചത് അങ്ങനെയായിരുന്നു. പക്ഷേ ഇന്നത്തെ കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല.”- സഞ്ജു സാംസൺ പറഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
FwFmZSJacAAmvKH

“എന്തായാലും ബാംഗ്ലൂരിന്റെ വിജയത്തിൽ മുഴുവൻ ക്രെഡിറ്റും ഞാൻ നൽകുന്നത് അവരുടെ ബോളർമാർക്കാണ്. 172 എന്നത് വലിയൊരു സ്കോർ ആയിരുന്നില്ല. ഞങ്ങൾക്ക് അത് പിന്തുടർന്ന് ജയിക്കാൻ സാധിക്കുമായിരുന്നു. പവർപ്ലെയിൽ മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ മത്സരം അവസാന ഓവർ വരെ പോയേനെ.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിനായി 55 റൺസ് നേടിയ ഡുപ്ലെസിയും 54 റൺസ് നേടിയ മാക്സ്വെല്ലും ഇന്നിങ്സിൽ തിളങ്ങി. ഒപ്പം അവസാന ഓവറുകളിൽ അനുജ് രാവത്തും അടിച്ചുതകർത്തതോടെ ബാംഗ്ലൂർ 171 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാൻ കാഴ്ചവെച്ചത്. 19 പന്തുകളിൽ 35 റൺസ് നേടിയ ഹെറ്റ്മെയ്ർ മാത്രമാണ് രാജസ്ഥാൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. മത്സരത്തിൽ രാജസ്ഥാൻ 59 റൺസിന് ഓൾഔട്ട് ആവുകയും ചെയ്തു. 112 റൺസിന്റെ പരാജയമായിരുന്നു മത്സരത്തിൽ രാജസ്ഥാൻ വഴങ്ങിയത്.

Scroll to Top