ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ദയനീയ പ്രകടനം ആയിരുന്നു ഓസ്ട്രേലിയ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ ഓസീസിനായില്ല. കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യയിലേക്ക് വണ്ടി കയറിയ ഓസ്ട്രേലിയക്ക് ആദ്യം മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിന്റെയും തോൽവിയാണ് ഇന്ത്യ സമ്മാനിച്ചത്.
മിക്ക ഓസ്ട്രേലിയൻ താരങ്ങൾക്കും ഇന്ത്യയിൽ കളിച്ച പരിചയസമ്പത്തുള്ളവരാണ്. എവിടെയാണ് താരങ്ങൾക്ക് പിഴച്ചത് എന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യയുടെ സ്പിൻ ആക്രമണം മുന്നിൽ കണ്ട ഓസ്ട്രേലിയ അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടായിരുന്നു ഇന്ത്യയിലേക്ക് വന്നത്. എന്നാൽ കളി പഠിച്ചു വന്ന ഓസ്ട്രേലിയ ഇന്ത്യൻ സ്പിന്നർ മാരുടെ മുന്നിൽ കളി മറന്നു. ഇപ്പോഴിതാ തങ്ങൾക്ക് എവിടെയാണ് പിഴച്ചത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്.”ഇന്ത്യയുടെ മികച്ച ബൗളിംഗ് ആണ് ഞങ്ങളുടെ തോൽവിയുടെ പ്രധാന കാരണം.
അവർ നന്നായി പന്ത് എറിയുന്നു. രണ്ട് മാസ്റ്റർ സ്പിന്നർമാർ അവർക്കുണ്ട്. കാര്യങ്ങൾക്ക് വലിയ മാറ്റങ്ങൾ അടുത്ത മത്സരത്തിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. പുതിയ തന്ത്രങ്ങളാണ് അതുകൊണ്ടു തന്നെ കണ്ടത്തേണ്ടത്. ചിന്തിക്കേണ്ടത് ഇതേ സാഹചര്യത്തിൽ ഇതേ ടീമിനെ വെച്ച് എന്താണ് വ്യത്യസ്തമായി ചെയ്യാനാവുക എന്നാണ്. കരുതുന്നത് പ്രകടനം മെച്ചപ്പെടുത്തുകയാണ് വേണ്ടത് എന്നാണ്. ടീമിനെ ഇത്തരം തോൽവികൾ ചില സമയങ്ങളിൽ വളരെയധികം പിന്നോട്ടടിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി മത്സരത്തിലേക്ക് ശക്തമായ പ്രകടനം നടത്തി തിരിച്ചു വരികയാണ് വേണ്ടത്.
ഞങ്ങൾ കഴിഞ്ഞ 12 മാസത്തോളമായി മികച്ച ക്രിക്കറ്റ് ആണ് കളിക്കുന്നത്. അധികം തോൽവികൾ വഴങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ വലിയ മാറ്റങ്ങൾ വേണ്ടി വരും എന്ന് കരുതുന്നില്ല. വ്യത്യസ്തമായ സമീപനമാണ് നിലവിലെ പദ്ധതികളിൽ വേണ്ടത്.”-ഓസ്ട്രേലിയൻ നായകൻ പറഞ്ഞു. ഇന്ത്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അശ്വിനും ആണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിംഗ്സിൽ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയത് അശ്വിൻ ആയിരുന്നു.