അമേരിക്കയ്ക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ ലോകകപ്പിന്റെ സൂപ്പർ എട്ടിലേക്ക് എത്തിയിട്ടുണ്ട്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ ഈ വിജയ കുതിപ്പിനിടയിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇതിഹാസ താരം കപിൽ ദേവ്.
ഈ ലോകകപ്പിൽ രോഹിത് നടത്തിയ ഒരു നീക്കത്തെ വിമർശിച്ചാണ് കപിൽ രംഗത്ത് വന്നത്. ലോകകപ്പിൽ രോഹിത് ശർമ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ആദ്യ ഓവർ നൽകാതിരിക്കുന്നതിനെ സംബന്ധിച്ചാണ് കപിൽ രോക്ഷം പ്രകടിപ്പിച്ചത്. രോഹിത്തിനെ നേരിട്ട് കണ്ടാൽ തനിക്ക് ഇക്കാര്യം ചോദിക്കാനുണ്ട് എന്ന് കപിൽ ദേവ് വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യൻ ടീമിന്റെ സാഹചര്യം എന്തുതന്നെയായാലും ബൂമ്ര ആദ്യ ഓവറിൽ ബോൾ ചെയ്യണമെന്നാണ് കപിൽ ദേവിന്റെ പക്ഷം. അല്ലാത്തപക്ഷം വരും മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടാൻ വലിയ സാധ്യതയുണ്ട് എന്ന് കപ്പിൽ മുന്നറിയിപ്പ് നൽകുന്നു. ബൂമ്രയെ പോലെ ഒരു മികച്ച ബോളറെ ഓപ്പണിങ് എറിയിക്കാതിരിക്കുന്നത് വലിയ രീതിയിൽ ടീമിന് ദോഷം ചെയ്യും എന്നാണ് കപിൽ ദേവ് കരുതുന്നത്. സൂപ്പർ 8 മത്സരങ്ങളിലെങ്കിലും ഇത്തരത്തിൽ ഇന്ത്യ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് കപിൽ പറയുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്ന സമയത്താണ് കപിൽ ഇക്കാര്യം ബോധിപ്പിച്ചത്.
“ഇനി രോഹിത്തിനെ നേരിട്ട് കണ്ടാൽ ഞാൻ ഇക്കാര്യം ചോദിക്കും. കാരണം ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണമെന്തെന്ന് എനിക്ക് അറിയണം. അവരിൽ ഒരാളായി ഞാനും മാറേണ്ടത് എന്റെ ആവശ്യമാണ്. ചില കാര്യങ്ങൾ നമുക്ക് പുറത്തുനിന്ന് ഊഹിച്ചെടുക്കാൻ സാധിക്കും. ഇതുവരെ ഞാൻ കാണുകയും കളിക്കുകയും ചെയ്തിട്ടുള്ള ക്രിക്കറ്റ് എടുത്തു പരിശോധിച്ചാൽ, ജസ്പ്രീത് ബുമ്ര എന്ന സ്റ്റാർ പേസർ ആദ്യ ഓവർ ബോൾ ചെയ്യേണ്ട വ്യക്തി തന്നെയാണ്. വിക്കറ്റ് എടുക്കാൻ അങ്ങേയറ്റം ശേഷമുള്ള താരമാണ് ബൂമ്ര. ബൂമ്രയെ രണ്ടാമതോ മൂന്നാമതോ അഞ്ചാമതോ ആറാമതോ ആയി ബോൾ ചെയ്യിക്കുന്നത് അബദ്ധമാണ്. കാരണം ഇത്തരം സാഹചര്യത്തിൽ മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് വഴുതി പോയേക്കാം.”- കപിൽ ദേവ് പറയുന്നു.
2024 ലോകകപ്പിൽ അർഷദീപ് സിങ്ങും സിറാജുമാണ് ഇന്ത്യക്കായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ബോളിംഗ് ഓപ്പൺ ചെയ്തത്. എന്നിരുന്നാലും ബുമ്രയ്ക്ക് ഇത്രയധികം ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് താൻ കരുതിയിരുന്നില്ല എന്ന് കപിൽ ദേവ് പറയുന്നു. വ്യത്യസ്തമായ ബോളിംഗ് ശൈലി ഉള്ളതിനാൽ തന്നെ ബൂമ്രയുടെ തോളിന് സമ്മർദമുണ്ടാവാൻ സാധ്യത വളരെ കൂടുതലാണ് എന്ന് കപിൽ ദേവ് ചൂണ്ടിക്കാട്ടുകയും ചെയ്തു.