നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമി ഫൈനലിൽ. ആവേശഭരിതമായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 3 വിക്കറ്റുകൾ സ്വന്തമാക്കിയ ഷംസിയാണ് ദക്ഷിണാഫ്രിക്ക ബോളിങ്ങിൽ പുലർത്തിയത്.
ബാറ്റിംഗിൽ സ്റ്റബ്സും ഹെൻറിച് ക്ലാസനും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ത്രില്ലിംഗ് വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇടംപിടിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് സെമിയിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. മറുവശത്ത് വിൻഡിസ് ഇത്തവണയും സെമിഫൈനൽ കാണാതെ പുറത്തായിരിക്കുന്നു.
മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ വിൻഡീസിനെ ഞെട്ടിച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്ക ആരംഭിച്ചത്. വിൻഡീസ് ഓപ്പൺ ഹോപ്പിനെയും(0) അപകടകാരിയായ പൂരനെയും(1) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ കൈൽ മേയേഴ്സും റോസ്റ്റൺ ചെയ്സും ചേർന്ന് ഒരു പക്വതയാർന്ന കൂട്ടുകെട്ട് വിൻഡീസിനായി കെട്ടിപ്പടുക്കുകയുണ്ടായി. റോസ്റ്റൺ ചെയ്സ് മത്സരത്തിൽ 42 പന്തുകളിൽ 52 റൺസാണ് നേടിയത്. മേയേഴ്‌സ് 34 പന്തുകളിൽ 35 റൺസ് നേടി.
എന്നാൽ പിന്നീടെത്തിയ ബാറ്റർമാരാരും വിൻഡിസിനായി മികച്ച പ്രകടനം പുറത്തെടുത്തില്ല. ഇതോടെ അവസാന ഓവറുകളിൽ മികച്ച ഫിനിഷിംഗ് നടത്താനും വിൻഡിസിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ വിൻഡീസിന്റെ ഇന്നിംഗ്സ് കേവലം 135 റൺസിൽ അവസാനിക്കുകയായിരുന്നു. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ഷംസി തിളങ്ങി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം തന്നെയാണ് ലഭിച്ചത്. റീസാ ഹെൻറിക്സിന്റെയും(0) ഡികോക്കിന്റെയും(12) വിക്കറ്റ് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ശേഷം മഴ എത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആവുകയായിരുന്നു. മഴ വന്നതോടുകൂടി മത്സരം 17 ഓവറുകളാക്കി ചുരുക്കി.
ഒപ്പം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 123 റൺസായി മാറുകയും ചെയ്തു. ശേഷം ട്രിസ്റ്റൻ സ്റ്റബ്സും ക്ലാസനും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ കൈപിടിച്ചു കയറ്റിയത്. ക്ലാസൻ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് കാഴ്ചവച്ചത്. 10 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 22 റൺസ് ക്ലാസൻ നേടി. സ്റ്റബ്സ് 27 പന്തുകളിൽ 29 റൺസാണ് നേടിയത്. പക്ഷേ ഇരുബാറ്റർമാരും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ദക്ഷിണാഫ്രിക്ക പൂർണമായി ബുദ്ധിമുട്ടി. അവസാന 2 ഓവറുകളിൽ 4 വിക്കറ്റുകൾ ശേഷിക്കെ 13 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.
പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തിൽ കേശവ് മഹാരാജിനെ വീഴ്ത്തി റോസ്റ്റൺ ചെയ്സ് വിൻഡീസിന് മത്സരത്തിൽ മുൻതൂക്കം നൽകി. എന്നാൽ ഓവറിലെ അവസാന പന്തിൽ റബാഡ ഒരു ബൗണ്ടറി നേടിയതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുത്തു. അവസാന ഓവറിൽ 5 റൺസായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സർ നേടി മാർക്കോ യാൻസൺ ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിച്ചു. ഇതോടെ വിൻഡീസ് ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്.