അതിദാരുണം, ദയനീയം. വിൻഡിസിനെതിരെ പരമ്പര തോറ്റ് ഇന്ത്യ. അവസാന മത്സരത്തിൽ നാണംകെട്ട പരാജയം.

വെസ്റ്റിൻഡീസിനെതിരായ അവസാന മത്സരത്തിൽ കനത്ത പരാജയമേറ്റുവാങ്ങി ഇന്ത്യൻ നിര. അത്യന്തം ആവേശകരമാവുമെന്ന് കരുതിയ മത്സരത്തിൽ പൂർണമായും ആധിപത്യം സ്ഥാപിച്ചാണ് വെസ്റ്റിൻഡീസ് വിജയം കണ്ടത്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമായിരുന്നു വെസ്റ്റിൻഡീസ് നേടിയത്. വെസ്റ്റിൻഡീസിനായി ബ്രാണ്ടൻ കിങ്ങും നിക്കോളാസ് പൂരനും ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, ഷപേർഡ് ബോളിങ്ങിൽ മികവ് പുലർത്തുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 3- 2 എന്ന നിലയിൽ സ്വന്തമാക്കാൻ വെസ്റ്റിൻഡീസിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് വളരെ ദയനീയമായ പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തിരിക്കുന്നത്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം മത്സരത്തിൽ നിന്ന് വിപരീതമായി മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ഓപ്പണർമാരായ ജെയിസ്വാളിനെയും(5) ഗില്ലിനെയും(9) ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീടെത്തിയ തിലക് വർമയും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. സൂര്യകുമാർ യാദവ് മത്സരത്തിൽ 45 പന്തുകളിൽ 61 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. തിലക് വർമ്മ 18 പന്തുകളിൽ 27 നേടി സൂര്യയ്ക്ക് പിന്തുണ നൽകി. ഇങ്ങനെ ഇന്ത്യൻ സ്കോർ 165 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിന്റെ ഓപ്പണർ കൈൽ മേയേഴ്‌സ് (10) തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. എന്നാൽ പിന്നീടെത്തിയ നിക്കോളാസ് പൂരൻ ബ്രാണ്ടൻ കിങ്ങിനൊപ്പം ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് വിൻഡീസിന് സമ്മാനിച്ചു. ഇതോടെ വിൻഡീസ് ഇന്ത്യയുടെ കയ്യിൽ നിന്ന് മത്സരം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ രണ്ടാം വിക്കറ്റിൽ 72 പന്തുകളിൽ 107 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്.

മത്സരത്തിൽ ബ്രാണ്ടൻ കിംഗ് 55 പന്തുകളിൽ 85 റൺസ് നേടി ഇന്ത്യയുടെ അന്തകനായി. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. മറുവശത്ത് നിക്കോളാസ് പൂരനും തെല്ലും മടികാട്ടിയില്ല. 35 പന്തുകളിൽ 47 റൺസാണ് പൂരൻ സ്വന്തമാക്കിയത്. ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും നഷ്ടമായ വിൻഡീസിനെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് ട്വന്റി20 പരമ്പരയിലെ ഈ വിജയം നൽകുന്നത്.