ഇഴഞ്ഞ് ഇഴഞ്ഞ് വിൻഡീസ് പൊരുതുന്നു. മൂന്നാം ദിനം ആധിപത്യം സ്ഥാപിക്കാനാവാതെ ഇന്ത്യ.

വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാതെ ഇന്ത്യ. മത്സരത്തിന്റെ മൂന്നാം ദിവസം വളരെ പതിഞ്ഞ താളത്തിലുള്ള ബാറ്റിംഗ് പ്രകടനമാണ് വെസ്റ്റിൻഡീസ് കാഴ്ചവച്ചത്. ഇതോടുകൂടി മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 229ന് 5 എന്ന നിലയിൽ വിൻഡിസ് എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 438 മറികടക്കാൻ വിൻഡീസിന് ഇനി ആവശ്യമായുള്ളത് 209 റൺസാണ്. വലിയ തിടുക്കമില്ലാതെ ബാറ്റ് ചെയ്യുന്ന വിൻഡിസ് നാലാം ദിവസം ഇത് മറികടക്കാനുള്ള ശ്രമത്തിലാണ്.

മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസ് ഒട്ടും തിടുക്കമില്ലാതെയാണ് ആരംഭിച്ചത്. നായകൻ ബ്രാത്ത്വെയ്റ്റ് ക്ഷമയുടെ പര്യായമായി ക്രീസിൽ മാറി. 235 പന്തുകൾ നേരിട്ടാണ് ബ്രാത്ത്വെയ്റ്റ് 75 റൺസ് നേടിയത്. എന്നാൽ ഒപ്പം ക്രീസിൽ ഉണ്ടായിരുന്ന കിർക് മക്കൻസിയെ മുകേഷ് കുമാർ വീഴ്ത്തുകയുണ്ടായി. മുകേഷ് കുമാറിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് ആയിരുന്നു ഇത്. ശേഷമത്തിയ ബ്ലാക്ക്വുഡും ക്രീസിൽ ഉറച്ചൂ. റൺസ് നേടാൻ ശ്രമിച്ചില്ലെങ്കിലും ബ്ലാക്ക്വുഡ് ഇന്ത്യൻ ബോളന്മാർക്കെതിരെ ശക്തമായ പ്രതിരോധം തീർത്തു.

ആദ്യ മത്സരത്തിൽ വിൻഡീസിനായി പൊരുതിയ അതനാസെയും 111 പന്തുകൾ നേരിട്ട് 37 റൺസുമായി പ്രതിരോധ കോട്ട തീർക്കുകയായിരുന്നു. ഇതോടൊപ്പം മൂന്നാം ദിവസം അതിഥിയായി മഴയും എത്തിയതോടെ വിൻഡിസ് പ്രതിരോധം കൂടുതൽ ശക്തമായി മാറുകയായിരുന്നു. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 229 ന് 5 വിക്കറ്റ് എന്ന നിലയിലാണ് വിൻഡിസ് നിൽക്കുന്നത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ടും മുകേഷ് കുമാർ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി.

ഇന്ത്യയെ സംബന്ധിച്ച് ഇത് ആദ്യമായാണ് ഈ പരമ്പരയിൽ കൃത്യമായി ഒരു ദിവസം ആധിപത്യം സ്ഥാപിക്കാതെ പോകുന്നത്. കേവലം 67 ഓവറുകൾ മാത്രമായിരുന്നു മൂന്നാം ദിവസം പന്തറിയാൻ സാധിച്ചത്. ഇതിൽനിന്ന് പതിയെ കളിച്ച് 143 റൺസ് വിൻഡിസ് നേടി. നാല് വിക്കറ്റുകൾ നേടാൻ ഇന്ത്യക്കും സാധിച്ചു. ആദ്യ മത്സരത്തിൽ പൂർണ്ണമായും പരാജയപ്പെട്ട വിൻഡീസ് എങ്ങനെയെങ്കിലും സമനില കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പാണ്. എന്നിരുന്നാലും നാലാം ദിവസം പിച്ച് കൂടുതൽ സ്ലോ ആവുകയാണെങ്കിൽ ബാറ്റിംഗ് ദുഷ്കരമായി മാറിയേക്കാം.