കോഹ്ലി, രോഹിത് പൂണ്ടുവിളയാട്ടം, ജയിസ്വാൾ വീണ്ടും തകര്‍ത്തു. ഒന്നാം ദിവസം ഇന്ത്യൻ തേരോട്ടം.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയുടെ തേരോട്ടം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ 288ന് 4 എന്ന ശക്തമായ നിലയിലാണ്. അർധ സെഞ്ച്വറി പൂർത്തിയാക്കിയ ജയസ്വാൾ, കോഹ്ലി, രോഹിത് ശർമ എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യദിവസം ശക്തമായ നിലയിൽ എത്തിയത്. ഇതോടുകൂടി ആദ്യദിനം തന്നെ വെസ്റ്റിൻഡീസിന്റെ നില കൂടുതൽ പരുങ്ങലിലായി മാറിയിട്ടുണ്ട്. രണ്ടാം ദിവസവും മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കുകയാണെങ്കിൽ ടെസ്റ്റ് പൂർണമായും ഇന്ത്യയ്ക്ക് സ്വന്തമാവും.

F1gwtUqWYAgU9rW

മത്സരത്തിന്റെ ആദ്യദിനം ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ജെയിസ്വാളും രോഹിത് ശർമയും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ വീണ്ടും സെഞ്ച്വറി കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. രോഹിത് ശർമ 143 പന്തുകൾ നേരിട്ട് 80 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ജെയ്‌സ്വാൾ 57 റൺസ് നേടിയപ്പോൾ, ഇന്നിങ്സിൽ 9 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടുകയുണ്ടായി.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

എന്നാൽ ഇരുവർക്കും ശേഷമെത്തിയ ഗിൽ(10) വീണ്ടും പരാജയപ്പെട്ടു. പക്ഷേ ആദ്യ ടെസ്റ്റിലേതിന് സമാനമായ രീതിയിൽ വളരെ ശ്രദ്ധയോടെ തന്നെയാണ് വിരാട് കോഹ്ലി ബാറ്റ് വീശിയത്. അജിങ്ക്യ രഹാനെ 8 റൺസിന് പുറത്തായെങ്കിലും, രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഒന്നാം ദിവസത്തെ മത്സരം പൂർണമായും കോഹ്ലി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ കോഹ്ലി 161 പന്തുകളിൽ 87 റൺസുമായി പുറത്താവാതെ ക്രീസിലുണ്ട്. 84 പന്തുകളിൽ 36 റൺസുമായി രവീന്ദ്ര ജഡേജയാണ് കോഹ്ലിക്ക് അകമ്പടിയായി ക്രീസിലുള്ളത്.

മത്സരത്തിന്റെ രണ്ടാം ദിവസത്തിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് ഒരു വമ്പൻ സ്കോർ തന്നെയാണ്. ട്രിനിഡാഡിലെ പിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സ്ലോയായി മാറും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ രണ്ട് ദിവസങ്ങൾ ബാറ്റ് ചെയ്ത് വലിയൊരു സ്കോർ കെട്ടിപ്പടുത്ത ശേഷം ഇന്ത്യ വിൻഡീസിനെ ബാറ്റിംഗ് അയക്കാനാണ് സാധ്യത. ഈ മത്സരത്തിൽ കൂടി വിജയം നേടിയാൽ 2-0ന് പരമ്പര തൂത്തുവാരാൻ ഇന്ത്യൻ നിരയ്ക്ക് സാധിക്കും.

Scroll to Top