വീണ്ടും ഇന്ത്യ തോറ്റു. വിൻഡിസിന് മുമ്പിൽ നാണംകെട്ട തോൽവി. പരമ്പര തുലാസിൽ.

365370

രണ്ടാം ട്വന്റി20യിലും പരാജയം നേരിട്ട് ഇന്ത്യൻ യുവനിര. മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യക്ക് മേൽ പൂർണ്ണമായും ആധിപത്യം നേടിയെടുത്താണ് വിൻഡിസ് വിജയം. വിൻഡിസിനായി സൂപ്പർതാരം നിക്കോളാസ് പൂരൻ ബാറ്റിംഗിൽ ആറാടുന്നതാണ് കണ്ടത്. മത്സരത്തിന്റെ പല സമയത്തും ഉത്തരമില്ലാത്ത ഇന്ത്യയെ മൈതാനത്ത് കാണാൻ സാധിച്ചു. എന്തായാലും ഇന്ത്യക്കേറ്റ വലിയ തിരിച്ചടി തന്നെയാണ് മത്സരത്തിലെ ഈ പരാജയം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ബോളർമാർക്ക് നല്ല സഹായം ലഭിച്ചതിനാൽ തന്നെ ഇന്ത്യൻ ബാറ്റർമാർ പതറുകയുണ്ടായി. ഗില്‍(7) സൂര്യകുമാർ(1) എന്നിവർ തുടർച്ചയായി കൂടാരം കയറിയതോടെ ഇന്ത്യയുടെ സ്കോറിങ് പതിഞ്ഞ താളത്തിലായി.

എന്നാൽ ഇഷാൻ കിഷനും(27) തിലക് വർമയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. തിലക് വർമ മത്സരത്തിൽ 41 പന്തുകളിൽ 51 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ നായകൻ ഹർദിക് പാണ്ഡ്യ 18 പന്തുകളിൽ 24 റൺസുമായി കളം നിറഞ്ഞു. ഇതോടെ ഇന്ത്യയുടെ സ്കോർ 152 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡിസിനെ ഞെട്ടിച്ചു കൊണ്ടാണ് ഹർദിക് പാണ്ഡ്യ തുടങ്ങിയത്. ഇന്നിംഗ്സിലെ ആദ്യ ബോളിൽ തന്നെ അപകടകാരിയായ കിങ്ങിനെ(0) കൂടാരം കയറ്റാൻ പാണ്ഡ്യയ്ക്ക് സാധിച്ചു. ഒപ്പം ആ ഓവറിൽ തന്നെ ജോൺസൺ ചാൾസിനെയും(2) പുറത്താക്കി ഹർദിക് ഇന്ത്യയെ മത്സരത്തിൽ മുന്നിലെത്തിച്ചു. ഒപ്പം മേയേഴ്‌സ്(15) കൂടി കൂടാരം കയറിയതോടെ വിൻഡീസ് തകരുകയായിരുന്നു.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.

പിന്നീടാണ് നിക്കോളാസ് പൂരനും ക്യാപ്റ്റൻ പവലും(21) ചേർന്ന് വിൻഡീസിനായി ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് സൃഷ്ടിച്ചത്. ഇരുവരും ചേർന്ന് ഞൊടിയിടയിൽ 57 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഇതോടെ വിൻഡീസ് മത്സരത്തിൽ ശക്തമായ നിലയിലെത്തി.

പവൽ പുറത്തായശേഷം എത്തിയ ഹെറ്റ്മയറും(22) റൺസ് കണ്ടെത്തിയതോടെ ഇന്ത്യ പൂർണമായും പരുങ്ങലിൽ ആവുകയായിരുന്നു. നിക്കോളാസ് പൂരൻ മത്സരത്തിൽ 40 പന്തുകൾ നേരിട്ട് 67 റൺസാണ് നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പൂരാൻ കൂടാരം കയറിയതിനു ശേഷം ഒരു അവിശ്വസനീയ തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ നടത്തിയത്.

തുടർച്ചയായി വെസ്റ്റിൻഡീസ് വിക്കറ്റുകൾ കൊയ്തു കൊണ്ട് ഇന്ത്യൻ ബോളർമാർ ശക്തമായി തിരിച്ചുവന്നു. 4 റൺസ് എടുക്കുന്നതിനിടെ വെസ്റ്റിൻഡീസിന്റെ 4 വിക്കറ്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ ഒമ്പതാം വിക്കറ്റിൽ പക്വതയാർന്ന കൂട്ടുകെട്ട് കെട്ടിപ്പടുത്ത അഖീൽ ഹുസൈനും (16) അൾസാരി ജോസഫും(10) വിൻഡിസിനെ വിജയത്തിൽ എത്തിച്ചു. മത്സരത്തിൽ 2 വിക്കറ്റുകളുടെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ വേണ്ടി 2-0ന് പരമ്പരയിൽ മുൻപിലെത്തിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ കൂടി വിജയം കാണാനായാൽ വിൻഡീസിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

Scroll to Top