വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം വമ്പൻ പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ടീം. ആദ്യദിനം ബാറ്റിങ്ങിലും ബോളിങ്ങിലും മികവു കാട്ടിയാണ് ഇന്ത്യ വെസ്റ്റിൻഡീസിന് മേൽ ആധിപത്യം സ്ഥാപിച്ചത്. രവിചന്ദ്രൻ അശ്വിന്റെ തകർപ്പൻ ബോളിംഗിന്റെ ബലത്തിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ ആദ്യ ഇന്നിങ്സിൽ വരിഞ്ഞു മുറുകുകയായിരുന്നു. ശേഷം മികച്ച തുടക്കമാണ് ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും ജെയിസ്വാളും ടീമിന് നൽകിയിരിക്കുന്നത്. രണ്ടാം ദിവസം മികച്ച ലീഡ് കണ്ടെത്തി മത്സരം പൂർണമായും കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരം കൂടിയാണ് ഇതോടെ ഇന്ത്യയ്ക്കു മുമ്പിൽ വന്നു ചേർന്നിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സമയത്ത് അതി സൂക്ഷ്മമായിയാണ് വെസ്റ്റിൻഡീസ് ഓപ്പണർമാർ കളിച്ചത്. പക്ഷേ രവിചന്ദ്രൻ അശ്വിൻ ബോളിംഗ് ക്രീസിലെത്തിയതോടുകൂടി കളി മാറിമറിയുകയായിരുന്നു. ഓപ്പണർമാരെ രണ്ടുപേരെയും പുറത്താക്കി അശ്വിൻ തുടക്കമിട്ടു. പിന്നാലെ രവീന്ദ്ര ജഡേജ അടക്കമുള്ള മറ്റു ബോളർമാരും കൃത്യത പുലർത്തിയതോടെ വെസ്റ്റിൻഡീസിന്റെ ബാറ്റിംഗ് നിര തകർന്നടിയുന്നതാണ് കാണാൻ സാധിച്ചത്.
വിൻഡീസ് നിരയിൽ 99 പന്തുകളിൽ 47 റൺസ് നേടിയ അതനാസേ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റൊരു ബാറ്റർക്കും 20 റൺസിന് മുകളിൽ നേടാൻ സാധിച്ചില്ല എന്നത് വിൻഡിസിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ അഞ്ചു വിക്കറ്റുകളും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. ഇതോടെ വെസ്റ്റിൻഡീസിന്റെ ആദ്യ ഇന്നിങ്സ് കേവലം 150 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ ഒരു തകര്‍പ്പന്‍ തുടക്കം തന്നെയാണ് നൽകിയത്.
ആദ്യ ബോൾ മുതൽ വെസ്റ്റിൻഡീസിനെ കൃത്യതയോടെ നേരിടാൻ ഓപ്പണർമാർക്ക് സാധിച്ചു. അരങ്ങേറ്റക്കാരനായ ജെയിസ്വാൾ ആദ്യ സമയങ്ങളിൽ മികച്ചു നിന്നു. ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. അരങ്ങേറ്റക്കാരനായ ജെയിസ്വാൾ 73 പന്തുകളിൽ 40 റൺസും, നായകൻ രോഹിത് ശർമ 65 പന്തുകളിൽ 30 റൺസുമാണ് നേടിയിട്ടുള്ളത്. വിൻഡീസിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി ആവശ്യം കേവലം 70 റൺസ് കൂടി മാത്രമാണ്. രണ്ടാം ദിവസം എത്രയും വേഗം വിൻഡീസിന്റെ സ്കോർ മറികടന്ന് വലിയൊരു ലീഡ് കിട്ടിപ്പൊക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.