അശ്വിന്റെ മാജിക് സ്പിന്നിൽ തകർന്നടിഞ്ഞ് വിൻഡിസ്. ഇന്ത്യയ്ക്ക് കൂറ്റൻ വിജയം.

F1Bk1NkWwAANCKz scaled

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഒരു ഇന്നിംഗ്സിന്റെയും 141 റൺസിന്റെയും വമ്പൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിന് സമാനമായി രണ്ടാം ഇന്നിങ്സിലും രവിചന്ദ്രൻ അശ്വിന്റെ ബോളിങ്ങിന് മുൻപിൽ വെസ്റ്റിൻഡീസ് തകർന്നു വീഴുകയായിരുന്നു. ഇതോടെയാണ് മൂന്നാം ദിവസം തന്നെ മത്സരത്തിൽ ഇന്ത്യ വിജയം നേടിയത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച അരങ്ങേറ്റക്കാരൻ ജയിസ്വാളാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ ആദ്യദിനം ടോസ് നേടിയ വിൻഡിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ കേവലം 150 റൺസ് മാത്രം നേടാനേ വിൻഡിസിന് സാധിച്ചുള്ളൂ. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റുകളും, രവീന്ദ്ര ജഡേജ 3 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയായിരുന്നു ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 229 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിത് ശർമയും ജയിസ്വാളും ചേർന്ന് കെട്ടിപ്പടുത്തത്. ജയിസ്വാൾ 387 പന്തുകളിൽ 171 റൺസ് നേടിയപ്പോൾ, രോഹിത് ശർമ 221 പന്തുകൾ നേരിട്ട് 103 റൺസാണ് നേടിയത്. ഒപ്പം 76 റൺസ് നേടിയ വിരാട് കോഹ്ലി കൂടെ തിളങ്ങിയപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സ് 421ന് 5 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

Read Also -  റിസ്‌വാനെ ധോണിയുമായി താരതമ്യം ചെയ്ത് പാക് ജേർണലിസ്റ്റ്. ഹർഭജന്റെ ചുട്ട മറുപടി.

271 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. തങ്ങളുടെ രണ്ടാം ഇന്നിങ്സിലും തകർച്ചയോടെയാണ് വെസ്റ്റിൻഡീസ് ആരംഭിച്ചത്. അശ്വിന്റെയും ജഡേജയുടെയും തീ തുപ്പുന്ന ബോളുകൾക്ക് മുൻപിൽ വെസ്റ്റിൻഡീസ് ബാറ്റിംഗ് നിര രണ്ടാം തകർന്നുവീണു. വിൻഡീസ് നിരയിൽ 28 റൺസെടുത്ത അതനാസെ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ രവിചന്ദ്രൻ അശ്വിൻ 71 റൺസ് വിട്ടു നൽകി 7 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളുമായി അശ്വിന് വീണ്ടും പിന്തുണ നൽകി.

ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 141 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. എന്തുകൊണ്ടും പോസിറ്റീവുകൾ മാത്രമുള്ള മത്സരമാണ് ഡൊമിനിക്കയിൽ ഇന്ത്യയെ സംബന്ധിച്ച് അവസാനിച്ചിരിക്കുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ജൂലൈ 20ന് ട്രിനിഡാഡിലാണ് നടക്കുന്നത്. ഈ മത്സരത്തിൽ കൂടെ വിജയം നേടി 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Scroll to Top