ത്രില്ലിംഗ് മത്സരത്തിൽ വിജയവുമായി വിൻഡീസ് :ഒറ്റ വിക്കറ്റിന് ചരിത്ര ജയം സ്വന്തം

ക്രിക്കറ്റ്‌ ലോകത്ത് എക്കാലവും വളരെ അധികം ആരാധകരുള്ള ഒരു ടീമാണ് വെസ്റ്റ് ഇൻഡീസ്. ക്രിക്കറ്റിൽ തുടക്ക കാലത്ത് ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ശക്തമായ ടീമെന്ന സൽപ്പേര് കരസ്ഥമാക്കിയ വിൻഡീസ് സംഘത്തിന്റെ ഇന്നത്തെ അവസ്‌ഥ മോശമാണെന്നാണ് ക്രിക്കറ്റ്‌ നിരീക്ഷകരുടെയും വിശദമായ നിരീക്ഷണം. എന്നാൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ നീണ്ട ഒരിടവേളക്ക് ശേഷമാണ് വീണ്ടും തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തങ്ങളുടെ പ്രസക്തി ഇന്നും നഷ്ടമായില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് മൂന്ന് ഫോർമാറ്റിലും ഇന്ന്‌ സംഭവിക്കുന്നത്. പാകിസ്ഥാനേതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ത്രില്ലർ ജയവുമായി വീണ്ടും ഒരിക്കൽ കൂടി വെസ്റ്റ് ഇൻഡീസ് ടീം അത് തെളിയിക്കുകയാണ്.ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ ടീമിന് എതിരെ ജയം നേടുവാൻ വിൻഡീസിന് കഴിഞ്ഞത്.പത്താം വിക്കറ്റിൽ നേടിയ 18 റൺസിന്റെ പാർട്ണർഷിപ്പാണ് അവർക്ക് ജയം സമ്മാനിച്ചത്.

പാകിസ്ഥാൻ ഉയർത്തിയ 168 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിൻഡീസ് ടീം പക്ഷേ വെറും 151 റൺസിൽ 9 വിക്കറ്റ് നഷ്ടമായൊരു സാഹചര്യത്തിലേക്കാണ് എത്തിയത്. അവസാന വിക്കറ്റ് വീഴ്ത്തി ജയം സ്വന്തമാക്കാമെന്ന് പാകിസ്ഥാൻ പ്രതീക്ഷിച്ചെങ്കിലും പുറത്താവാതെ 30 റൺസ് നേടിയ കെമർ റോച്ച് എല്ലാവിധ പ്രതീക്ഷകളും തകർത്താണ് വിൻഡീസ് ടീമിന് ചരിത്ര നേട്ടം സമ്മാനിച്ചത്.114ന് 7 വിക്കറ്റ് നഷ്ടം എന്ന സ്കോറിൽ എത്തിയ വെസ്റ്റ് ഇൻഡീസ് ടീമിനായി കെമർ റോച്ച് പിന്നീട് മനോഹര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. താരം എട്ടാം വിക്കറ്റിൽ ജോഷ്വാ ഡാസിൽവയും ഒപ്പം 28 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തി.കൂടാതെ 55 റൺസ് നേടിയ സ്റ്റാർ ബാറ്റ്‌സമാനായ ജെര്‍മൈന്‍ ബ്ലാക്ക്വുഡാണ് 16 റൺസിൽ മൂന്ന് വിക്കറ്റ് നഷ്ടമായ വിൻഡീസ് ടീമിനെ രക്ഷിച്ചത്. പാകിസ്ഥാൻ ടീമിനായി രണ്ടാം ഇന്നിങ്സിൽ ഷഹീൻ അഫ്രീഡി നാലും ഹസൻ അലി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

അതേസമയം ഓസ്ട്രേലിയക്ക്‌ എതിരായ ടി :20 പരമ്പരയിലെ 4-1ജയത്തിന് ശേഷം ശക്തരായ പാകിസ്ഥാനെതിരെ ടെസ്റ്റിൽ ജയവും നേടിയ വിൻഡീസ് ടീമിനെയും ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ്‌ ലോകവും മുൻ വെസ്റ്റ് ഇൻഡീസ് താരങ്ങളും.ഒന്നാം ഇന്നിങ്സിൽ 97 റൺസ് അടിച്ചെടുത്ത വെസ്റ്റ് ഇൻഡീസ് ഓപ്പണിങ് ബാറ്റ്‌സ്മാൻ ബ്രാത്ത്വെയിറ്റ് മത്സരത്തിൽ ടോപ് സ്കോററായപ്പോൾ രണ്ടാം ഇന്നിങ്സിൽ നിർണായകമായ ഫിഫ്റ്റി അടിച്ച ബ്ലാക്ക്വഡിന്റെ പ്രകടനം ശ്രദ്ധേയമായി. എന്നാൽ പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും വീഴ്ത്തിയ ജെയ്ഡൺ സീൽസാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്