ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര 3-1 എന്ന നിലയിൽ നഷ്ടമായെങ്കിലും ഇന്ത്യൻ ടീം ശക്തമായി തിരിച്ചെത്തുമെന്ന് സൂചന നൽകി യുവ ഓപ്പണർ ജയസ്വാൾ. പരമ്പരയിൽ ദയനീയമായി പരാജയം നേരിട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കാണാതെ പുറത്താവുകയാണ് ഉണ്ടായത്. മാത്രമല്ല ഓസ്ട്രേലിയയോട് 10 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു പരമ്പര പരാജയം നേരിടുന്നത്.
2015ലായിരുന്നു ഇതിന് മുൻപ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടത്. കഴിഞ്ഞ 4 ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരകളിലും മികവ് പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം മറികടന്ന് ഓസ്ട്രേലിയ വിജയം നേടിയിരിക്കുകയാണ്. ശേഷമാണ് ജയസ്വാൾ രംഗത്ത് വന്നിരിക്കുന്നത്.
ഓസ്ട്രേലിയൻ മൈതാനങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് വന്ന വലിയ പിഴവുകളാണ് പരമ്പരയിൽ ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്. പേസർ ജസ്പ്രീറ്റ് മാത്രമാണ് ഇത്തവണ ഓസ്ട്രേലിയൻ മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ച ബോളർ. മറ്റെല്ലാവരും മോശം പ്രകടനം നടത്തിയതോടെ ഇന്ത്യൻ ബോളിംഗ് നിരയും തകർന്നുവീണു. ബാറ്റിംഗിൽ ഇന്ത്യക്കായി മികവ് പുലർത്തിയത് ജയസ്വാൾ തന്നെയാണ്.
399 റൺസാണ് ജയസ്വാൾ ഇത്തവണത്തെ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ സ്വന്തമാക്കിയത്. 2 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ജയസ്വാൾ തന്റെ പേരിൽ ചേർത്തിരുന്നു. 43.4 എന്ന ശരാശരിയിലാണ് താരം റൺസ് കണ്ടെത്തിയത്. ഇതിന് ശേഷമാണ് ജയസ്വാൾ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ വൈകാരിക പരമായ കുറിപ്പുമായി രംഗത്തെത്തിയത്.
“ഓസ്ട്രേലിയയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ എനിക്ക് സാധിച്ചു. നിർഭാഗ്യവശാൽ ഞങ്ങൾ വിചാരിച്ചത് പോലെ ഒരു ഫലം ഞങ്ങൾക്ക് മത്സരത്തിൽ ലഭിച്ചില്ല. പക്ഷേ കൂടുതൽ ശക്തമായി ഞങ്ങൾ തിരിച്ചു വരികതന്നെ ചെയ്യും. എല്ലാവരുടെയും പിന്തുണയാണ് ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത്.”- ജയസ്വാൾ കുറിക്കുകയുണ്ടായി. ജയസ്വാളിന്റെ ഈ പോസ്റ്റിന് വലിയ പിന്തുണയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ അടക്കമുള്ളവർ നൽകിയത്. “നിങ്ങളുടെ ജോലി ഞാൻ ഇഷ്ടപ്പെടുന്നു സഹോദരാ” എന്നാണ് ഉസ്മാൻ ഖവാജ ഇതിന് മറുപടി നൽകിയത്.
“നിങ്ങൾ ഒരു സൂപ്പർസ്റ്റാറാണ്. നിങ്ങൾ കളിക്കുന്നത് കാണാൻ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു” എന്നായിരുന്നു ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ ജയസ്വാളിന്റെ പോസ്റ്റിന് നൽകിയ മറുപടി. പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്കറും ജയസ്വാളിനെയും നിതീഷ് കുമാറിനെയും പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ഇരുതാരങ്ങളും ഓസ്ട്രേലിയൻ മണ്ണിൽ മികവ് പുലർത്തി എന്ന ഗവാസ്കർ തുറന്നു പറയുന്നു. ജയസ്വാളിനെയും നിതീഷിനെയും പോലെയുള്ള കൂടുതൽ താരങ്ങളെയാണ് ഇന്ത്യയ്ക്ക് ആവശ്യം എന്നായിരുന്നു ഗവാസ്കർ പറഞ്ഞത്.