2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നട്ടെല്ലായി മാറാൻ സാധ്യതയുള്ള താരമാണ് വിരാട് കോഹ്ലി. ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച സംഭാവനകൾ നൽകാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിലും വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ മൈതാനത്ത് വിരാട് കോഹ്ലി എത്രമാത്രം അപകടകാരിയാണ് എന്നതിൽ പൂർണ ബോധ്യം ബംഗ്ലാദേശ് താരങ്ങൾക്കുണ്ട്. മൈതാനത്ത് തങ്ങൾ വിരാട് കോഹ്ലിയെ ഒരിക്കലും പ്രകോപിപ്പിക്കാൻ ശ്രമിക്കാറില്ല എന്നാണ് ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹീം ഇപ്പോൾ പറയുന്നത്.
കോഹ്ലി തങ്ങളെ എത്രമാത്രം സ്ലെഡ്ജ് ചെയ്താലും തങ്ങൾ ഒരിക്കലും തിരിച്ചു ചെയ്യില്ല എന്നാണ് റഹീം പറഞ്ഞത്. “ലോക ക്രിക്കറ്റിലെ ചില ബാറ്റർമാർക്ക് സ്ലെഡ്ജ് ചെയ്യുന്നത് വളരെ ഇഷ്ടമാണ് അതോടുകൂടി അവർ കൂടുതൽ ആവേശത്തിലാകുന്നു. അതിനാൽ ഞാൻ ഒരിക്കലും വിരാട് കോഹ്ലിയെ സ്ലഡ്ജ് ചെയ്ത് പ്രകോപിപ്പിക്കില്ല. കാരണം അത് അവന് കൂടുതൽ പവർ നൽകുന്നു. ഞാൻ എന്റെ ബോളർമാരോട് എപ്പോഴും പറയാറുള്ളത് കഴിയുന്നത്ര വേഗത്തിൽ അവനെ പുറത്താക്കുക എന്നുള്ളത് മാത്രമാണ്.”- റഹീം പറയുന്നു.
“എപ്പോഴൊക്കെ ഞാൻ ഇന്ത്യക്കെതിരെ കളിച്ചാലും വിരാട് കോഹ്ലി എന്നെ സ്ലെഡ്ജ് ചെയ്യാൻ വരാറുണ്ട്. എല്ലായിപ്പോഴും ഇത് സംഭവിക്കുന്നു. ഞാൻ ബാറ്റിംഗ് ക്രീസിലെത്തിയ ഉടനെ തന്നെ വിരാട് കോഹ്ലി സ്ലെഡ്ജിങ് ആരംഭിക്കും. എന്തെന്നാൽ വളരെ മത്സര ബുദ്ധിയുള്ള താരമാണ് വിരാട്. ഒരു ക്രിക്കറ്റ് മത്സരത്തിൽ പോലും പരാജയമറിയരുത് എന്നതാണ് വിരാടിന്റെ പോളിസി. വിരാട്ടുമായുള്ള യുദ്ധം ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ഇന്ത്യയെ നേരിടുമ്പോഴും വിരാടിനെ നേരിടുമ്പോഴും വലിയ വെല്ലുവിളിയാണ് ഞങ്ങൾക്ക് മുൻപിലുള്ളത്. എന്തായാലും മുൻപോട്ട് പോകാനാണ് തീരുമാനം.”- റഹീം കൂട്ടിച്ചേർത്തു.
ഇതേസമയം മത്സരത്തിൽ നിർണായകമാകാൻ പോകുന്നത് ഷാക്കിബ് അൽ ഹസന്റെ ബോളിംഗാണ് എന്ന് വിരാട് കോഹ്ലി സംസാരിക്കുകയുണ്ടായി. ഇന്ത്യക്കെതിരെ ഷാക്കിബ് പുറത്തെടുത്തിട്ടുള്ള മികച്ച ബോളിംഗ് പ്രകടനത്തെ പ്രശംസിച്ചാണ് കോഹ്ലി സംസാരിച്ചത്. “വർഷങ്ങളായി ഞാൻ ഒരുപാട് മത്സരങ്ങൾ ഷാക്കിബിനെതിരെ കളിച്ചിട്ടുണ്ട്. തന്റെ ബോളിങ്ങിൽ മികച്ച നിയന്ത്രണമുള്ള ക്രിക്കറ്ററാണ് ഷാക്കിബ്. മാത്രമല്ല അയാൾ വളരെയധികം അനുഭവസമ്പത്തുള്ള ബോളറുമാണ്. ന്യൂബോളിൽ വളരെ മികച്ച രീതിയിൽ പന്തറിയാൻ ഷാക്കിബിന് സാധിക്കും. ബാറ്റർമാരെ ചുറ്റിക്കാൻ പറ്റിയ ബോളറാണ് ഷാക്കിബ്. റൺസ് വിട്ടുകൊടുക്കുന്നതിലും അയാൾ പിശുക്ക് കാട്ടാറുണ്ട്.”- കോഹ്ലി പറഞ്ഞു.