“മത്സരം ജയിച്ചെങ്കിലും അക്കാര്യത്തിൽ നിരാശയുണ്ട്”, രോഹിത് പരിശീലനമത്സര ശേഷം പറഞ്ഞ വാക്കുകൾ

രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2 ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന മത്സരത്തിന്റെ ആദ്യദിവസം മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു.

ശേഷം രണ്ടാം ദിവസം 2 ടീമുകൾക്കും 46 ഓവറുകൾ വീതമാണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം ടീം കാഴ്ചവെച്ചെങ്കിലും തന്നെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.

മത്സരത്തിൽ ലഭിച്ച അവസരം പൂർണമായും ഉപയോഗിക്കാനാണ് ഇന്ത്യ ശ്രമിച്ചത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. “മത്സരത്തിന്റെ ഫലം ഞങ്ങളെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു. ഒരു ഗ്രൂപ്പ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ ആദ്യ ദിവസം പൂർണ്ണമായും മഴമുലം ഉപേക്ഷിക്കേണ്ടിവന്നത് ഞങ്ങൾക്ക് നിർഭാഗ്യകരമായി മാറി. കാരണം മുഴുവൻ ദിവസവും കളിക്കാനുള്ള അവസരമാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. എന്നിരുന്നാലും ഞങ്ങൾക്ക് ലഭിച്ച അവസരം പൂർണമായും വിനിയോഗിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.”- രോഹിത് പറഞ്ഞു.

പരിശീലന മത്സരം കാണാനായി എത്തിയ ആരാധകരെയും അഭിസംബോധന ചെയ്തതാണ് രോഹിത് സംസാരിച്ചു നിർത്തിയത്. “ഞങ്ങളുടെ മത്സരം കാണാനായി ഇവിടെയെത്തിയ എല്ലാ ആരാധകർക്കും നന്ദി. എല്ലാവർക്കും സ്നേഹം. ഓസ്ട്രേലിയൻ മണ്ണിൽ എപ്പോൾ മത്സരത്തിനായി എത്തിയാലും ഇത്തരത്തിൽ മികച്ച പ്രതികരണം തന്നെയാണ് ഉണ്ടാവാറുള്ളത്. ടീം മൈതാനത്ത് അണിനിരക്കുന്ന സമയത്ത് ഇത്തരത്തിൽ വലിയ പിന്തുണ ലഭിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും മത്സരത്തിൽ രോഹിത് ശർമയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ ടീമിൽ നിന്ന് മാറിനിന്ന രോഹിത് ശർമയുടെ ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ബാറ്റിംഗ് പ്രകടനമായിരുന്നു പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഉണ്ടായത്. എന്നാൽ മത്സരത്തിൽ 11 പന്തുകൾ നേരിട്ട രോഹിതിന് 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മത്സരത്തിൽ നാലാമനായാണ് രോഹിത് ശർമ ക്രീസിലെത്തിയത്. ജയസ്വാളും രാഹുലുമായിരുന്നു ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

Previous article“ഇത്തവണ ബാംഗ്ലൂരിനെ നയിക്കുന്നത് ആ സൂപ്പർ താരം”- അശ്വിൻ പറയുന്നു
Next article“എന്നെ സ്വന്തമാക്കാൻ ചെന്നൈ പരമാവധി ശ്രമിച്ചു. അതുകൊണ്ട് പരാതിയില്ല”. ദീപക് ചാഹർ