മുംബൈയ്ക്ക് ആവശ്യം ഒരു ശുഭ്മാൻ ഗില്ലിനെയായിരുന്നു. രോഹിത് തുറന്നു പറയുന്നു!!

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിലെ രണ്ടാം ക്വാളിഫയറിൽ ഉഗ്രൻ വിജയം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 233 റൺസ് നേടുകയുണ്ടായി. മത്സരത്തിൽ 60 പന്തുകളിൽ 129 റൺസ് നേടിയ ശുഭമാൻ ഗില്ലായിരുന്നു ഗുജറാത്ത് ടൈറ്റൻസ് നിരയിൽ നിറഞ്ഞാടിയത്. മത്സരത്തിൽ 7 ബൗണ്ടറികളും 10 സിക്സറുകളും ഗിൽ നേടുകയുണ്ടായി. 234 എന്ന വമ്പൻ വിജയലക്ഷ്യം മുൻപിൽ കണ്ടിറങ്ങിയ മുംബൈ ഇന്ത്യൻസ് ഇന്നിങ്സ് കേവലം 171 റൺസിൽ അവസാനിച്ചതോടെ ഗുജറാത്ത് 62 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ശുഭമാൻ ഗില്ലിന്റെ ഇന്നിങ്സിനെ പ്രശംസിച്ച് രോഹിത് ശർമ രംഗത്ത് വരികയുണ്ടായി. മുംബൈ നിരയിൽ ഗില്ലിനെപ്പോലെ ഒരാളുടെ ആവശ്യം മത്സരത്തിൽ ഉണ്ടായിരുന്നു എന്നാണ് രോഹിത് മത്സരശേഷം പറഞ്ഞത്.

“ഈ വിജയലക്ഷം മറികടക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതിയത്. വളരെ പോസിറ്റീവായിയാണ് ഞങ്ങൾ ആരംഭിച്ചത്. പവർപ്ലേ ഏറ്റവും നന്നായി ഉപയോഗിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. എന്നാൽ അത് വേണ്ട രീതിയിൽ സാധിച്ചില്ല. ആദ്യ ഓവറുകളിൽ തന്നെ ഞങ്ങൾക്ക് കുറച്ച് വിക്കറ്റുകൾ നഷ്ടമായി. ശേഷം മികച്ച ഒരു മൊമന്റം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇത്തരമൊരു ലക്ഷ്യം പിന്തുടരുമ്പോൾ അത്തരത്തിൽ മോമെന്റ്റം കണ്ടെത്തേണ്ടത് ആവശ്യമാണ്.”- രോഹിത് പറഞ്ഞു.

“എന്നിരുന്നാലും സൂര്യകുമാറും ക്യാമറോൺ ഗ്രീനും മൈതാനത്ത് മികച്ച രീതിയിൽ പോരാടുകയുണ്ടായി. അവരാണ് കുറച്ചെങ്കിലും പ്രതീക്ഷ ഞങ്ങൾക്ക് നൽകിയത്. എന്നിരുന്നാലും നമുക്ക് അറിയാമല്ലോ? ഗില്ലിനെ പോലെ ഒരു ബാറ്ററെയായിരുന്നു ഞങ്ങൾക്ക് ആവശ്യം. മത്സരത്തിലുടനീളം ആ ബാറ്റർ മികവ് പുലർത്തേണ്ടിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരു ബാറ്റർ മൈതാനത്ത് മികവ് പുലർത്തുകയും മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ അത്തരമൊന്ന് ഉണ്ടായില്ല.” – രോഹിത് കൂട്ടിച്ചേർത്തു.

ഇതോടൊപ്പം സീസണിൽ തങ്ങളുടെ ബാറ്റിംഗ് നിരയുടെ മികവിനെപ്പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. കുറച്ചധികം യുവതാരങ്ങൾ ഈ സീസണിലൂടെ മുൻപിലേക്ക് വന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു രോഹിത് പറഞ്ഞത്. മാത്രമല്ല അടുത്ത സീസണിൽ സ്‌ക്വാഡ് കൂടുതൽ ശക്തിപ്പെടുമെന്നും രോഹിത് കരുതുന്നു. മുംബൈ പുറത്തായതോടെ ഗുജറാത്ത് 2023 ഐപിഎല്ലിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് ഗുജറാത്തിന്റെ എതിരാളികളാവുന്നത്

Previous articleവീരേന്ദർ സേവാഗിന്റെ റെക്കോർഡ് തകര്‍ത്ത് ശുഭ്മാൻ ഗിൽ.കോഹ്ലിയെയും ബട്ലറെയും കാഴ്ചക്കാരാക്കി മുന്നേറ്റം.
Next articleജെയ്‌സ്വാളിനെ ഈ ടീമിൽ ഉൾപെടുത്തരുത്. ആവശ്യവുമായി ദിനേശ് കാർത്തിക്.