2025 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 44 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. എന്നാൽ ഹൈദരാബാദ് ബാറ്റർമാർ തുടക്കം മുതൽ വെടിക്കെട്ട് തീർത്തു.
ഇഷാൻ കിഷന്റെ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 286 റൺസാണ് ഹൈദരാബാദ് നേടിയത്. ശേഷം മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ രാജസ്ഥാന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ സഞ്ജു സാംസണും ധ്രുവ് ജൂറലും ചേർന്ന് രാജസ്ഥാനെ ഭേദപ്പെട്ട നിലയിൽ എത്തിക്കുകയായിരുന്നു. എന്നിരുന്നാലും 44 റൺസിന്റെ പരാജയം ടീമിന് നേരിടേണ്ടി വന്നു. മത്സരത്തിൽ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെ പറ്റി രാജസ്ഥാൻ നായകൻ റിയാൻ പരഗ് സംസാരിക്കുകയുണ്ടായി.
മത്സരത്തിലെ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് ഹൈദരാബാദ് ടീമിന് നൽകാനാണ് റിയാൻ പരഗ് തയ്യാറായത്. “ഞങ്ങളെ സംബന്ധിച്ച് ഇത് അല്പം പ്രയാസകരമായിരുന്നു. ഇത്തരം ഒരു രീതി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഈ മത്സരത്തിലെ അവരുടെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും അവർക്ക് തന്നെ അർഹിച്ചതാണ്. കാരണം ഞങ്ങൾക്ക് കുറച്ചു കൂടി നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. എന്തായാലും ഈ പരാജയത്തെ സംബന്ധിച്ച് ഞങ്ങൾ കൂടുതൽ ചർച്ച ചെയ്യും. മത്സരത്തിൽ ആദ്യം ബോൾ ചെയ്യാനുള്ള തീരുമാനം എല്ലാവരും ചേർന്ന് എടുത്തതായിരുന്നു. പക്ഷേ ആ തീരുമാനം കുറച്ചുകൂടി നന്നായി പ്രായോഗികമാക്കണമായിരുന്നു.”- പരഗ് പറഞ്ഞു.
“ടോസ് സമയത്ത് ഞാൻ പ്രതീക്ഷിച്ച സ്കോർ 200 റൺസ് ആയിരുന്നു. മാത്രമല്ല 220- 240 റൺസായിരുന്നെങ്കിൽ കൂടി ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. പക്ഷേ അതിനുമപ്പുറം നേടാൻ ഹൈദരാബാദിന് സാധിച്ചു. എന്നിരുന്നാലും ഞങ്ങളെ സംബന്ധിച്ച് മത്സരത്തിൽ കുറച്ചു പോസിറ്റീവുകളുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ധ്രുവ് ജൂറലിന്റെയും സഞ്ജു സാംസന്റെയും ബാറ്റിംഗ് തന്നെയാണ്. ഇരുവരും മികച്ച രീതിയിൽ കളിക്കുകയുണ്ടായി.”
”ഇതിന് ശേഷം ഹെറ്റ്മയറും ശുഭം ദുബെയും നന്നായി ബാറ്റ് ചെയ്തു. തുഷാറും മത്സരത്തിൽ നന്നായി ബോൾ ചെയ്യുകയുണ്ടായി. സന്ദീപ് ശർമയും മികച്ചു നിന്നു വിജയമായാലും പരാജയമായാലും ഇക്കാര്യങ്ങളൊക്കെയും ഞങ്ങൾ കൃത്യമായി പഠിച്ചുകൊണ്ട് മുന്നോട്ട് പോകും.”- പരഗ് കൂട്ടിച്ചേർത്തു.
തങ്ങളുടെ ബാറ്റിംഗ് നിരയെ അങ്ങേയറ്റം പ്രശംസിച്ചു കൊണ്ടായിരുന്നു ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് സംസാരിച്ചത്. “ഞാനെന്തായാലും ഞങ്ങളുടെ ടീമിലെ ബാറ്റർമാർക്കെതിരെ ബോൾ ചെയ്യാൻ താല്പര്യപ്പെടുന്നില്ല. കാരണം അവർ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എല്ലാവരെയും ഭയപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനമാണ് ടീമിൽ നിന്നുണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങൾ ബോളർമാർക്ക് ഒരുപാട് പ്രയാസമുണ്ടാക്കുന്നു. ഇത്രയും മികച്ച സ്കോർ ബാറ്റർമാർ സ്വന്തമാക്കുമ്പോൾ നമുക്ക് അനായാസം മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും. കിഷൻ അവിസ്മരണീയ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അവൻ മുഴുവൻ സ്വാതന്ത്രവും എടുത്ത് മൈതാനത്ത് മികവ് പുലർത്തി.”- കമ്മിൻസ് പറഞ്ഞു.